| Thursday, 17th May 2012, 3:33 pm

മുതിര്‍ന്ന പോലീസുകാര്‍ പ്രതികളാകുന്ന കേസുകള്‍ പെരുകുന്നത് അപകടകരം: കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: മുതിര്‍ന്ന പോലീസുകാര്‍ പ്രതികളാകുന്ന കേസുകള്‍ പെരുകുന്നത് അപകടകരമായ പ്രവണതയാണെന്ന് ഏറണാകുളം അഡീഷണല്‍ സി.ജെ.എം കോടതി. സി.ബി.ഐയും ക്രൈംബ്രാഞ്ചും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ നല്ല പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ അറസ്റ്റിലായ ഡി.വൈ.എസ്.പി റഷീദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

ഉണ്ണിത്താന്‍ വധശ്രമക്കേസിലെ സി.ബി.ഐ അന്വേഷണം സുതാര്യമായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സുതാര്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ സി.ബി.ഐക്കും പോലീസിനും അത് നാണക്കേടുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ റഷീദിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഡി.വൈ.എസ്.പിമാര്‍ ഗോവയിലേക്ക് യാത്ര നടത്തിയതിന്റെ ചിത്രങ്ങള്‍ നശിപ്പിച്ചത് ഇയാളാണെന്നും സി.ബി.ഐ കുറ്റപ്പെടുത്തി.

സിബിഐ കേസ് ഏറ്റെടുത്തപ്പോള്‍ മാത്രമാണ് ക്രൈം ബ്രാഞ്ച് റഷീദിനെ ചോദ്യം ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ കുറ്റകൃത്യത്തില്‍ ഒരു പങ്കാളിത്തവുമില്ലെന്നും മനപൂര്‍വ്വം കെട്ടിച്ചമച്ച കേസാണിതെന്നും റഷീദിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.

അതിനിടെ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഡി.ഐ.ജി ശ്രീജിത്ത് കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്നാരോപിച്ച്  കേസിലെ മുഖ്യപ്രതി ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി സന്തോഷ് എം.നായര്‍ ഹരജി നല്‍കി ഡി.ഐ.ജിയ്ക്ക് പുറമെ എസ്.പി സാം ക്രിസ്റ്റി, ക്രൈം ബ്രാഞ്ച് എസ്.പി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ക്കെതിരെയും സന്തോഷ് എം.നായര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ അടുത്തമാസം രണ്ടിന് കോടതി സന്തോഷ് എം.നായരില്‍ നിന്ന് മൊഴിയെടുക്കും. ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായിരുന്ന ശ്രീജിത്താണ് ഉണ്ണിത്താന്‍ വധശ്രമ കേസില്‍ ആദ്യഘട്ട അന്വേഷണം നടത്തിയത്. സന്തോഷ് എം.നായരുടെ അറസ്റ്റും കണ്‌ടെയ്‌നര്‍ സന്തോഷിന്റെ കീഴടങ്ങലും ഈ ഘട്ടത്തിലായിരുന്നു.

We use cookies to give you the best possible experience. Learn more