| Thursday, 24th January 2019, 2:26 pm

അസുഖമുണ്ടെങ്കില്‍ ചികിത്സിക്കണം; അല്ലാതെ പരോള്‍ നല്‍കുകയല്ല വേണ്ടത്: കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ഹൈക്കോടതി.

അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല വേണ്ടത്. അസുഖത്തിന് ചികിത്സിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാറാണ്. ചികിത്സയ്ക്കാണെന്നു പറഞ്ഞ് പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്ന് ആര്‍.എം.പി.ഐ നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ കോടതിയെ അറിയിച്ചു.

തുടര്‍ച്ചയായി പരോള്‍ നല്‍കിയതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

Also read:സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ നിയമനത്തിനെതിരായ ഹരജി; രഞ്ജന്‍ ഗൊഗോയ്ക്ക് പിന്നാലെ സിക്രിയും പിന്മാറി

എല്‍.ഡി.എഫ് സര്‍ക്കാര്‍ അടിയന്തര പരോള്‍ എന്നു പറഞ്ഞ് കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നത് ചോദ്യം ചെയ്ത് കെ.കെ രമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പി.കെ കുഞ്ഞനന്തന്‍ പരോളില്‍ ഇറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വന്നിട്ടുണ്ടെന്നും രമ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഘട്ടത്തിലാണ് കോടതിയുടെ വിമര്‍ശനം.

അടിയന്തര ഘട്ടത്തില്‍ മാത്രമാണ് പരോള്‍ അനുവദിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. വിഷയത്തില്‍ പി.കെ കുഞ്ഞനന്തനും കോടതി നോട്ടീസ് അയച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 15 തവണയായി 193 ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ചുവെന്ന് തിയ്യതി സഹിതം രമ കോടതിയെ അറിയിച്ചു.

കേസ് രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.

We use cookies to give you the best possible experience. Learn more