മുംബൈ: കടുത്ത ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി വെള്ളം വിനിയോഗിക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി. ഇത്രയധികം ജലം പാഴാക്കാന്‍ എങ്ങനെയാണ് മഹാരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന് കഴിയുന്നതെന്നും ഐ.പി.എല്ലാണോ ജനങ്ങളാണോ ബോര്‍ഡിന് വലുതെന്നും കോടതി ചോദിച്ചു.
സംസ്ഥാനം കടുത്ത വരള്‍ച്ചയെ നേരിടുമ്പോള്‍ നടത്തുന്ന ജലധൂര്‍ത്ത് ക്രിമിനല്‍ കുറ്റമാണെന്നും മത്സരങ്ങള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണെമെന്നും കോടതി പറഞ്ഞു. ജല ദുര്‍വിനിയോഗത്തിനെതിരെ ലോക്‌സത്ത് മൂവ്‌മെന്റ് എന്ന എ.ന്‍.ജി..ഒ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ വി.എം കനാഡെ, എം.എസ് കാര്‍നിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാല്‍ തങ്ങള്‍ പുറമെ നിന്നും വാങ്ങിയ വെള്ളമാണ് ഉപയോഗിക്കുന്നതെന്നും അതും കുടിക്കാന്‍ അനുയോജ്യമായ ജലമല്ലെന്നും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയെ അറിയിച്ചെങ്കിലും ബി.സി.സി.ഐയിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചാല്‍ മാത്രമെ വെള്ളത്തിന്റെ വില നിങ്ങള്‍ക്ക് മനസ്സിലാകൂവെന്ന് കോടതി പറഞ്ഞു.
19 മത്സരങ്ങള്‍ക്ക് വേദിയാകേണ്ട മഹാരാഷ്ട്രയില്‍ പിച്ചൊരുക്കുന്നതിനായി 60 ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുംബൈ, നാഗ്പൂര്‍, പുണെ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കേണ്ടത്.
കുടിവെള്ള പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ കഴിഞ്ഞ മാസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.