മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മേല്‍ കുറ്റം ആരോപിക്കാനാവില്ല; നടന്നത് ഉദ്യോഗസ്ഥതലത്തിലുള്ള ബുദ്ധിപൂര്‍വമായ അഴിമതി; ലൈഫ് മിഷനിലെ കോടതി നിരീക്ഷണം
Kerala
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മേല്‍ കുറ്റം ആരോപിക്കാനാവില്ല; നടന്നത് ഉദ്യോഗസ്ഥതലത്തിലുള്ള ബുദ്ധിപൂര്‍വമായ അഴിമതി; ലൈഫ് മിഷനിലെ കോടതി നിരീക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 11:30 am

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചെയ്തിക്ക് ഭരണ നേതൃത്വത്തെ കുറ്റം പറയാനാവില്ലെന്ന് ഹൈക്കോടതി. നയപരമായ തീരുമാനമെടുത്തവര്‍ക്ക് മേല്‍ കുറ്റം ആരോപിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രിയേയും മന്ത്രിമാരേയം കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

ബുദ്ധിപരമായി ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിമതിയാണ് ഇതെന്നായിരുന്നു ജസ്റ്റിസ് പി. സോമരാജന്‍ പറഞ്ഞത്. അവര്‍ക്കെതിരെയാണ് കൃത്യമായ അന്വേഷണം വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ ഒരു തീരുമാനമാണ്. അതെടുത്ത മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ അംഗങ്ങളുടേയും പേരില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റം ചാര്‍ത്താനാവില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സി.ബി.ഐ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതോടെ ഇനി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലും ഫയല്‍ പിടിച്ചെടുക്കുന്നതിലും സിബി.ഐയ്ക്ക് ഇനി തടസ്സമുണ്ടാവില്ല. ഉദ്യോഗസ്ഥതലത്തില്‍ അഴിമതിയുണ്ടെങ്കില്‍ സി.ബി.ഐയ്ക്ക് അന്വേഷിക്കാമെന്ന് ജസ്റ്റിസ് സോമരാജന്‍ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സി.ബി.ഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും കരാര്‍ നേടിയ യൂണിടാക് ബില്‍ഡേഴ്സുമായിരുന്നു ഹരജി നല്‍കിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ എഫ്.സി.ആര്‍.എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നുള്ളതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണമെന്ന് സി.ബി.ഐ വാദിച്ചു.

ലൈഫ് മിഷന് എതിരായ അന്വേഷണം നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനുള്ള സ്റ്റേ കേസ് സമഗ്രമായി പരിശോധിക്കുന്നതായി ബാധിക്കുന്നതായി സി.ബി.ഐ വാദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Court Comment On Life Mission Case