| Sunday, 5th July 2020, 3:47 pm

ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയാല്‍ നടപടി; കേരളത്തിലും ധാരാവിയിലും ഉദ്യോഗസ്ഥര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്നും ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ വരുത്തുന്ന വീഴ്ചയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. ഔറംഗാബാദിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ക്വാറന്റൈന്‍ സൗകര്യങ്ങളും ആശുപത്രികളും കോടതിക്ക് സന്ദര്‍ശിക്കാമെന്നും ഉത്തരവാദിത്തത്തില്‍ വീഴ്ചവരുത്തിയെന്ന് ബോധ്യമായാല്‍ റാങ്കുകള്‍ പരിഗണിക്കാതെ ചുമതലകള്‍ നിറവേറ്റാത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശിക്കാമെന്നും സുപ്രധാന വിധിയില്‍ കോടതി പറയുന്നു.

കേരളം , ധാരാവി, മാലേഗാവ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ധാരവി, മാലേഗാവ്, കേരളം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഈ പ്രദേശങ്ങളില്‍ കൊവിഡ് -19 വ്യാപിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട് എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാത്തതിനാല്‍ ജല്‍ഗാവ്, ഔറംഗബാദ് എന്നിവിടങ്ങളില്‍ ഇത് നടക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ തനാജി വി .നളവാഡെ, ശ്രീകാന്ത് ഡി കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേട്ടത്.

ഔറംഗാബാദ് മേഖലയിലെ വിവിധ അധികാരികള്‍ക്കിടയില്‍ ഏകോപനത്തിന്റെയും നിസ്സഹകരണത്തിന്റെയും അഭാവം കോടതി നിരീക്ഷിച്ചിരുന്നു. പോലീസ് വകുപ്പ് ഉള്‍പ്പെടെ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും അകമഴിഞ്ഞ് പ്രവര്‍ത്തിക്കുകയും കുടുംബങ്ങളുടെ ഉള്‍പ്പെടെ ജീവന്‍ പണംവെച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more