ചെന്നൈ: ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. അമ്പലത്തിന്റെ പവിത്രതയും ശുദ്ധതയും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് മോബൈല്‍ ഫോണുകള്‍ വിലക്കുന്നതെന്ന് കോടതി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദു റിലീജയസ് ആന്‍ഡ് ചാരിറ്റബള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പിനോട് ഈ നിര്‍ദേശം നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വകുപ്പിന് കീഴില്‍ വരുന്ന അമ്പലങ്ങളിലെത്തുന്ന ഭക്തര്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
അമ്പലത്തിന് മുമ്പില്‍ ഫോണുകള്‍ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ഇതിനുവേണ്ടി ടോക്കണ്‍ സംവിധാനം ഉപയോഗിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണിനെയും വസ്ത്രത്തെയും സംബന്ധിക്കുന്ന ഈ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ തന്നെ നടപ്പിലാക്കി വരുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നവംബര്‍ പതിനാലിനാണ് തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണും വസ്ത്രവും സംബന്ധിക്കുന്ന കര്‍ശന നിയമങ്ങള്‍ വരുന്നത്. ഇതേ കുറിച്ചാണ് കോടതിയുടെ പരാമര്‍ശം.
ക്ഷേത്ര ജീവനക്കാരോ ഭക്തരോ അമ്പലത്തിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ഭരണസമിതി പുറപ്പെടുവിച്ച നിര്‍ദേശത്തിലുള്ളത്. അത് സംബന്ധിക്കുന്ന നോട്ടീസുകള്‍ ക്ഷേത്രചുമരുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.
‘അമ്പലത്തിനുള്ളില്‍ വെച്ച് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്താല്‍ പിന്നീട് ഇവ തിരിച്ചുനല്‍കില്ല. ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ വെക്കാനായി സെക്യൂരിറ്റി കൗണ്ടറുകള്‍ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.