| Thursday, 15th April 2021, 10:08 pm

ജയിലിന് പുറത്തുകടക്കും മുന്‍പ് 'ആരോഗ്യ സേതു' ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഉമര്‍ ഖാലിദിനോട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനോട് ആരോഗ്യ സേതു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ദല്‍ഹി കോടതി. ജയിലില്‍ നിന്ന് പുറത്തുപോകുന്നതിന് മുന്‍പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ കലാപവുമയി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യു.എ.പി.എ ചുമത്തിയതിനാല്‍ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാകില്ല.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.

ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. നവംബര്‍ 22 നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ദല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്.

ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ നടപടിയെന്ന് അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Court Asks Umar Khalid  To Install Aarogya Setu App Upon Release

We use cookies to give you the best possible experience. Learn more