Kerala News
ആനക്കൊമ്പ് കേസ്; മോഹന്‍ലാനിനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 17, 06:02 pm
Thursday, 17th August 2023, 11:32 pm

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. നംവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാ കുറ്റാരോപിതരോടും നേരിട്ട് ഹാജരാകണമെന്നാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. രണ്ടാം തവണയാണ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം കോടതി തള്ളുന്നത്.

പ്രത്യേക നിയമത്തിന് കീഴില്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, കേസില്‍ പൊതുതാല്‍പര്യമില്ലെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ചരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാന്‍ കാരണമായി സര്‍ക്കാരും മോഹന്‍ലാലും കോടതിയില്‍ ഉന്നയിച്ച വാദം. 2011ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ ആദയനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണ്ടെത്തിയിരുന്നത്.

തുടര്‍ന്ന് വിവരം വനം വകുപ്പിനെ അറിയിക്കുകയും, വനം വകുപ്പ് പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കൊമ്പുകള്‍ സൂക്ഷിക്കാന്‍ മോഹന്‍ലാലിന്റെ കയ്യില്‍ രേഖകളില്ലാത്തത് കണ്ടെത്തിയാണ് കേസെടുത്തത്.