ചെന്നൈ: പുതുച്ചേരിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി സ്വദേശി ജി.എ. ജഗന്നാഥന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവുണ്ടായത്.
ജസ്റ്റിസുമാരായ എസ്. വൈദ്യനാഥന്‍, ഡി. ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജി.എ. ജഗന്നാഥന്‍ ഹരജി നല്‍കിയത്.
പുതുവത്സരാഘോഷങ്ങള്‍ നടത്താമെങ്കിലും മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 31ന് രാത്രി 10 മണിക്കും 2022 ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിക്കും ഇടയില്‍ മദ്യം വില്‍ക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ പരാമര്‍ശിക്കാതെ പുതുച്ചേരി സര്‍ക്കാര്‍ പുതുവത്സര ആഘോഷങ്ങള്‍ അനുവദിച്ചുവെന്നും ഇത് കൊവിഡ്-19 അല്ലെങ്കില്‍ ഒമിക്‌റോണിന്റെ വ്യാപനത്തിന് കാരണമാകുമെന്നും ഹരജിക്കാരന്‍ വാദിച്ചിരുന്നു.
അതേസമയം, ഒമിക്രോണ്‍ വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്.
ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കര്‍ശനമായി പിന്തുടരാനാണ് നിര്‍ദ്ദേശം.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട് തിങ്കളാഴ്ച മുതലാണ് കര്‍ഫ്യൂ നിലവില്‍ വരുന്നത്. രാത്രി 11 മണി തൊട്ട് രാവിലെ 5 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുക.
ഞായറാഴ്ച 290 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. കൊവിഡ് കേസുകളിവല്‍ 16 ശതമാനത്തിന്റെ വര്‍ധനവും 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും ദല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് യു.പിയില്‍ ശനിയാഴ്ചകൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും 200 ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
മധ്യപ്രദേശിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രാത്രി 11 മണി മുതല്‍ 5 മണിവരെ മധ്യപ്രദേശില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലും രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി രണ്ടുവരെയാണ് നിയന്ത്രണം. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Court approves New Year celebrations in Puducherry; Regulation of liquor sales