| Friday, 20th October 2017, 12:17 pm

'ശ്രുതിയുടെ അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കുന്നു, യോഗാ കേന്ദ്രത്തിനോ മാതാപിതാക്കള്‍ക്കോ അവരെ കൊണ്ടുപോകാനാവില്ല:' ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കണ്ണൂര്‍ സ്വദേശി ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രുതി സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് കോടതി. തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് ശ്രുതി കാണിച്ച അസാമാന്യ ധീരതയെ അഭിനന്ദിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്.

“തന്റെ ദൃഢവിശ്വാസത്തില്‍ ഉറച്ചുനിന്നും തെറ്റിദ്ധരിപ്പിക്കുന്ന ഹര്‍ജിയിലൂടെ നീതിയെ വഴിതെറ്റിക്കാനുള്ള മാതാപിതാക്കളുടെ ശ്രമത്തെ അപലപിച്ചും ശ്രുതി കാണിച്ച അസാമാന്യ ധീരതയെ അഭിനന്ദിക്കുന്നു” കോടതി പറഞ്ഞു.

ശ്രുതിയും അനീസും തമ്മിലുള്ള ദീര്‍ഘകാലത്തെ പ്രണയമാണ് വൈവാഹിക ബന്ധത്തിലേക്കെത്തിയതെന്നും കോടതി നിരീക്ഷിച്ചു. നെറ്റിയില്‍ സിന്ദൂരക്കുറിയുമായെത്തിയ ശ്രുതി താന്‍ മരണം വരെ ഹിന്ദുവായി തുടരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. അതുപോലെ അനീസ് മുസ്‌ലിം ആയും. ഇവരുടെ വിവാഹം ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.


Also Read: ‘ആബുലന്‍സിനു പൈലറ്റ് പോയതാണ്’ വിചിത്രവാദവുമായി ആംബുലന്‍സിന്റെ വഴിതടഞ്ഞ കാറുടമ


ബിരുദാനന്തര ബിരുദധാരിയായ ശ്രുതി പ്രായപൂര്‍ത്തിയായ പക്വതയുള്ള കുട്ടിയാണ്. അനീസില്‍ അവര്‍ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്. അവളുടെ താല്‍പര്യത്തിനു വിരുദ്ധമായി സ്വന്തം വീട്ടിലേക്കോ യോഗാ കേന്ദ്രത്തിലേക്കോ അവരെ കൊണ്ടുപോകാനാവില്ല. ശ്രുതിയെ സ്വാതന്ത്ര്യത്തോടെ കഴിയാന്‍ അനുവദിക്കണം. മാതാപിതാക്കളുടെയോ മറ്റാരുടെയെങ്കിലുമോ ഇടപെടലില്ലാതെ തങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഈ ദമ്പതികള്‍ക്കുണ്ട്. അക്കാര്യം പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.

അമേരിക്കന്‍ കവയിത്രിയായ മായ അഞ്ജലോയുടെ കവിത ഉദ്ധരിച്ചാണ് ജസ്റ്റിസ് ചിദംബരേഷ് വിധി പറയാന്‍ ആരംഭിച്ചത്. “പ്രണയത്തിനുമുമ്പില്‍ തടസങ്ങളില്ല, പ്രതിസന്ധികളെ അത് മറികടക്കും, മതിലുകള്‍ ചാടിക്കടക്കും, മതിലുകള്‍ തുരന്ന് അത് എല്ലാപ്രതീക്ഷയോടും കൂടി അതിന്റെ ലക്ഷ്യം കൈവരിക്കും.”

ഏതൊരു പൗരനും ഏത് മതവും വിശ്വസിക്കാനും പ്രചരിപ്പിക്കാനും പ്രഖ്യാപിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ 25(1) ആര്‍ട്ടിക്കിള്‍ ഉറപ്പു നല്‍കുന്നുണ്ട്. വിധ്വംസക ശക്തികള്‍ക്കോ മതസംഘടനകള്‍ക്കോ മതം ഒരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more