മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താം: 4 ക്രിക്കറ്റ് താരങ്ങളുടെ പേര് സുപ്രീം കോടതി വെളിപ്പെടുത്തി
Daily News
മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താം: 4 ക്രിക്കറ്റ് താരങ്ങളുടെ പേര് സുപ്രീം കോടതി വെളിപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th November 2014, 3:34 pm

supreme-court-01ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവെപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് സുപ്രീം കോടതി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കാമെന്നും കോടതി അറിയിച്ചു.

റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് താരങ്ങളല്ലാത്തവരുടെ പേരുകള്‍ കോടതി പുറത്തുവിട്ടു. ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍, അദ്ദേഹത്തിന്റെ മരുമകനും ചെന്നൈ ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമകളിലൊരാളായ രാജ്കുന്ദ്ര തുടങ്ങിയവരുടെ പേരാണ് കോടതി വെളിപ്പെടുത്തിയത്.

മൂന്ന് ക്രിക്കറ്റ് താരങ്ങളുടെ പേരും തുറന്ന കോടതിയില്‍ പരാമര്‍ശിക്കുകയുണ്ടായി. സ്റ്റുവര്‍ട്ട്ബിന്നി (ഇന്ത്യന്‍), ഒവൈന്‍സ്ഷാ (ഇംഗ്ലണ്ട്) സാമുവല്‍ ബദ്രി(വെസ്റ്റിന്റീസ്) എന്നീ ക്രിക്കറ്റ് താരങ്ങളുടെ പേരും കോടതി വെളിപ്പെടുത്തി. അതേസമയം ക്രിക്കറ്റ് താരങ്ങളുടെ പേരു ഇപ്പോള്‍ പരസ്യപ്പെടുത്തേണ്ടെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. താരങ്ങളുടെ പേര് കക്ഷികള്‍ക്കും നല്‍കേണ്ടെന്ന് കോടതി പറഞ്ഞു.

എന്നാല്‍ ഏതു സാഹചര്യത്തിലാണു മൂന്നു ക്രിക്കറ്റ് താരങ്ങളുടെ പേരു മാത്രം വെളിപ്പെടുത്തിയതെന്നും കോടതി പറഞ്ഞിട്ടില്ല. എന്തു ക്രമക്കേടാണു ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കോടതി വിശദീകരിച്ചിട്ടില്ല.

ഗുരുനാഥ് മെയ്യപ്പന്‍, രാജ്കുന്ദ്ര, ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നവംബര്‍ 27നാണ് ഈ കേസ് ഇനി പരിഗണിക്കുന്നത്.

മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ ബി.സി.സി.ഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ അഭിപ്രായം തേടിയിരുന്നു. പേരുകള്‍ പരസ്യമാക്കേണ്ടെന്ന നിലപാടാണ് ബി.സി.സി.ഐ സ്വീകരിച്ചത്. എന്നാല്‍ ഈ നിലപാട് തള്ളിയാണ് കോടതി പേരുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

വളരെ പ്രധാനപ്പെട്ട വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ കേസില്‍ കക്ഷികളായവര്‍ക്ക് നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

എന്നാല്‍ ആദ്യഘട്ടത്തില്‍ ക്രിക്കറ്റ് താരങ്ങളുടെ പേര് വെളിപ്പെടുത്തേണ്ടെന്ന് കോടതി നിര്‍ദേശിച്ചു. ക്രിക്കറ്റ് താരങ്ങള്‍ ഒഴികെയുള്ളവരുടെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായശേഷം ഇവരുടെ കാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് കോടതി നിലപാട്. 13 താരങ്ങളുടെ പേരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

അതിനിടെ മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടു വന്നതിന്റെ പശ്ചാത്തലത്തില്‍ ബി.സി.സി തിരഞ്ഞെടുപ്പു മാറ്റിവെക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 20 നാണു തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഡിസംബറിലേക്കോ ജനവുവരിലേക്കോ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്.