കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി പുതിയ നേതൃത്വം. കോടതിയെയും ജനാധിപത്യത്തെയും സംബന്ധിച്ച സംഘടനയുടെ തുടക്കം കാലംതൊട്ടുള്ള സമീപനങ്ങളില്‍ മാറ്റം വരുത്തുന്ന ഭേദഗതികളാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. കോടതികളെ സംബന്ധിച്ച അനിസ്‌ലാമികമെന്ന പരാമര്‍ശവും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന നിര്‍ദേശങ്ങളിലുമൊക്കെയാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന സ്വഭാവം തന്നെ പുനര്‍നിര്‍വചിക്കുന്നതാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പഴയ ഭരണഘടനയില്‍ കോടതിയെ പരാമര്‍ശിക്കുന്ന ഭാഗത്ത് നിന്ന് അനിസ്‌ലാമികം എന്ന വാക്ക് നീക്കം ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയുടെ സെക്ഷന്‍ 9/7ല്‍ നിന്നാണ് ‘അനിസ്‌ലാമിക കോടതി’യെന്ന പരാമര്‍ശം ഇപ്പോള്‍ നീക്കിയിട്ടുള്ളത്. ‘ദീനിന്റെ വിധിവിലക്കുകളില്‍ നിഷ്ഠ പുലര്‍ത്തുകയും അത്യാവശ്യം ഉണ്ടെങ്കിലല്ലാതെ ഇടപാടുകളുടെ തീര്‍പ്പിനായി കോടതികളെ സമീപിക്കാതിരിക്കുകയും ചെയ്യുക’ എന്നാണ് ഭേദഗതി ചെയ്ത ഭരണഘടനയില്‍ പറയുന്നത്.
കോടതികളെ കുറിച്ചുള്ള പരമാര്‍ശത്തിന് പുറമെ സര്‍ക്കാര്‍ പദവികളില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കരുതെന്ന നിര്‍ദേശവും ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ദൈവീകമല്ലാത്ത അഥവാ അനിസ്‌ലാമികമായ ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു ജമാഅത്ത് പ്രവര്‍ത്തകന്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കരുത് എന്നായിരുന്നു നേരത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഭേദഗതിയിലൂടെ ഭരണഘടനയുടെ 8/6 ല്‍ ‘ഭരണകൂടത്തില്‍ എതെങ്കിലും ഉദ്യോഗം വരിക്കുകയോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപ സ്ഥാനം വഹിക്കുകയോ ഏതെങ്കിലും നിയമനിര്‍മാണ സഭയില്‍ അംഗമായിരിക്കുകയോ ആണെങ്കില്‍ സത്യത്തിനും നീതിക്കും വിരുദ്ധമായ യാതൊന്നും പ്രവര്‍ത്തിക്കാതിരിക്കുക’ എന്നാണുള്ളത്.
ജനാധിപത്യം, ഇന്ത്യന്‍ കോടതികള്‍ എന്നിവയെ സംബന്ധിച്ചെല്ലാമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ കാലംതൊട്ടുള്ള സമീപനത്തിനാണ് ഈ ഭേദഗതിയിലൂടെ മാറ്റം വരുത്തിയിരിക്കുന്നത്. ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും ഇടപെടുന്നതിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നെങ്കിലും അവരുടെ ഭരണഘടനയില്‍ ജനാധിപത്യം അനിസ്‌ലാമികമാണെന്ന നിലപാടിന് മാറ്റം വരുത്തിയിരുന്നില്ല. ഇത് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
മാത്രവുമല്ല, കോടതികളെ അനിസ്‌ലാമികമെന്ന് വിശേഷിപ്പിച്ച ഭരണഘടനയുള്ള ജമാഅത്തിന്റെ നേതൃത്വത്തില്‍ അഭിഭാഷകരുടെ സംഘടനയും യുവാക്കളെ അഭിഭാഷക ജോലിയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തങ്ങളുടെ അടിസ്ഥാന ഭരണഘടനക്ക് വിരുദ്ധമാണെന്ന പ്രശ്‌നമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ഭേദഗതിയിലൂടെ ഈ വൈരുദ്ധ്യങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പ്രവര്‍ത്തരെയും സംഘടനയെയും സജ്ജരാക്കാന്‍ വേണ്ടിയാണ് ഭരണഘടനയില്‍ മാറ്റംവരുത്തിയിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ പി.മുജീബ് റഹ്മാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇന്നത്തെ ഇന്ത്യയിലെ പ്രതിസന്ധിയെ പരിഹരിക്കാന്‍ നിയമത്തിലൂടെയും ജനാധിപത്യത്തിലൂടെയുമാണ് സാധിക്കുക എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 2019ല്‍ തന്നെ ഭേദഗതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു എന്നും ഇപ്പോഴാണ് അത് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത് എന്നും പി.മുജീബ് റഹ്മാന്‍ പറയുന്നു.
CONTENT HIGHLIGHTS: Court and democracy are now halal for Jamaat-e-Islami; Important changes in the constitution