ന്യൂദല്‍ഹി: ഗ്രീന്‍ പീസ് ഇന്ത്യയ്ക്ക് രാജ്യത്തിനകത്തു നിന്നും ഫണ്ട് സ്വീകരിക്കാമെന്ന് ദല്‍ഹി ഹൈക്കോടതി വിധി. അതിനായി ഗ്രീന്‍ പീസ് ഇന്ത്യയുടെ രണ്ട് ആഭ്യന്തര അക്കൗണ്ടുകള്‍ ഉപയോഗിക്കാനും കോടതി അനുമതി നല്‍കി. ഗ്രീന്‍ പീസ് ഇന്ത്യക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള അനുമതിയും കോടതി നല്‍കി.
ഏപ്രില്‍ ഒമ്പതിന് എഫ്.സി.ആര്‍.എ നിയമങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ച ഗ്രീന്‍പീസ് ഇന്ത്യയുടെ ഏഴ് അക്കൗണ്ടുകളിലെ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ പിന്‍വലിക്കാനും കോടതി അനുമതി നല്‍കി.
തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചുകൊണ്ടുള്ള നടപടിക്കെതിരെ ഗ്രീന്‍ പീസ് ഇന്ത്യ നല്‍കിയ റിട്ട് പെറ്റീഷന് മറുപടിയായാണ് ഈ കോടതി ഉത്തരവ്. അതേസമയം ഗ്രീന്‍ പീസ് ഇന്ത്യക്കെതിരെ നേരത്തെ ഉന്നയിച്ച വാദങ്ങള്‍ ആഭ്യന്തരമന്ത്രാലയം കോടതിയില്‍ ആവര്‍ത്തിച്ചു. ഇതിനേയെല്ലാം തള്ളിക്കളഞ്ഞ ഗ്രീന്‍പീസ് ഇന്ത്യ ആഭ്യന്തരമന്ത്രാലയം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് പൂര്‍ണമായ മറുപടിയും നല്‍കി.
വികസന വിരുദ്ധതയും വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ ക്രമക്കേടും ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗ്രീന്‍ പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. സംഘടയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യതുമെന്ന് ഗ്രീന്‍പീസ് നേരത്തെ അറിയിച്ചിരുന്നു.