ന്യൂദല്‍ഹി: മാന്‍വേട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്മാന് ഖാന് ജാമ്യം അനുവദിച്ചു. 25000 രൂപയുടെ ആള്‍ജാമ്യത്തിലും അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളിലുമാണ് ജോധ്പൂര്‍ സെഷന്‍സ് കോടതി സല്മാന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മാന്‍വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ സല്‍മാനെതിരെ ശാസ്ത്രീയമായ തെളിവുകളുടെ അഭാവമുണ്ടെന്നും, മരിച്ച കൃഷ്ണമൃഗത്തിലൊന്ന് അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റൊരു മാന്‍ വലിയ കുഴിയിലേക്ക് വീണതാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ALSO READ: നിയമം എല്ലാവര്ക്കും ഒരുപോലെയാകണം’; സല്മാന് ഖാന് പിന്തുണയുമായി ബോളിവുഡ് ഗായകന് മിക സിംഗ്
അതേസമയം വെടിയേറ്റാണ് മാന്‍ കൊല്ലപ്പെട്ടതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മറ്റ് റിപ്പോര്‍ട്ടുകളിലും പറയുന്നില്ല. മാത്രമല്ല സല്മാന് സഞ്ചരിച്ച ജിപ്സിയില്‍ നിന്ന് ശേഖരിച്ച് രക്തക്കറയും പോസ്റ്റ്മോര്‍ട്ടം സമയത്ത് ശേഖരിച്ച രക്തവും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്ന് ഡി.എന്‍.എ പരിശോധനയില്‍ നിന്ന് വ്യക്തമായതാണെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.
മാത്രമല്ല അറസ്റ്റിലായ സല്‍മാനെ ബിഷ്ണോയ് സമുദായത്തിലെ തടവുകാരുടെ കൂടെയാണ് പാര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് സല്‍മാന്റെ ജീവന് ഭീക്ഷണിയുണ്ടെന്ന് കാണിച്ച് നിരവധി വധഭീക്ഷണി കോളുകള്‍ ലഭിച്ചിരുന്നു. തുടങ്ങിയ കാരണങ്ങളാല്‍ സല്മാന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് സല്മാന് ഖാന് എതിരായ കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമുള്ള നടപടികളാണ് താരം നേരിടുന്നത്. ആറുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ വംശനാശം നേരിടുന്ന മാനുകളെ വേട്ടയാടിയ കേസില്‍ സല്മാന് ഖാനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2007-ല്‍ ഒരാഴ്ച സല്മാന് ജയില്‍വാസം അനുഭവിച്ചിരുന്നു. പിന്നീട് കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.