national news
വിജയ് മല്യയുടെ പേരിലുള്ള സ്വത്തുക്കള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 05, 11:53 am
Saturday, 5th June 2021, 5:23 pm

ന്യൂദല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള സ്വത്തുക്കള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതി അനുമതി നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പിടിച്ചെടുത്ത വിജയ് മല്യയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളും മറ്റു സ്വത്തുക്കളും വില്‍ക്കാനാണ് അനുമതി ലഭിച്ചത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്ട്(പി.എം.എല്‍.എ) പ്രകാരമാണ് കോടതി നടപടി.

മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കോടതി ഉത്തരവെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ മല്ലികാര്‍ജുന റാവു അറിയിച്ചു.

9,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് മദ്യരാജാവ് വിജയ് മല്യ രാജ്യം വിട്ടത്.
ഇത്രയും വലിയ തട്ടിപ്പിന് ശേഷവും രാജ്യം വിടാന്‍ മല്യക്ക് സാധിച്ചത് ചില സ്വാധീനങ്ങളായിരുന്നു എന്ന ആരോപണം ഉണ്ടായിരുന്നു.

17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് വിജയ് മല്യക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞ മല്യയെ തിരിച്ചു കൊണ്ടുവരാന്‍ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ നീക്കം നടത്തിയിരുന്നു.

അതേസമയം, ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹരജി കഴിഞ്ഞ മെയ് 14ന് ബ്രിട്ടന്‍ കോടതി തള്ളിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Court allowed Banks to sell Vijay Mallya’s  properties