ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയതിന് പോലീസിന്‌ കോടതിയുടെ രൂക്ഷ വിമര്‍ശനം
India
ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയതിന് പോലീസിന്‌ കോടതിയുടെ രൂക്ഷ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2013, 7:31 pm

[]മുംബൈ: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പിടിയിലായ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്തിനെതിരെ മക്കോക്ക നിയമം ചുമത്തിയതിന് ദല്‍ഹി പോലീസിനെതിരെ സാകേത് കോടതിയുടെ രൂക്ഷ വിമര്‍ശനം.[]

മക്കോക്ക ചുമത്തിയതിന് എന്ത് തെളിവാണ് പോലീസിന്റെ പക്കലുള്ളതെന്നും, ഓണ്‍ലൈന്‍ വഴി ലക്ഷ കണക്കിനാളുകാള്‍ വാതുവെപ്പ് നടത്താറുണ്ട്. ഇവര്‍ക്കെതിരെ യൊക്കെ മക്കോക്ക നിയമം ചാര്‍ത്തുമോ എന്നും കോടതി ചോദിച്ചു.

ശ്രീശാന്തിന്റെ ജാമ്യപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ദല്‍ഹി പോലീസിന് തിരിച്ചടിയായി സാകേത് കോടതിയുടെ  പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യ ഒഴികേയുള്ള രാജ്യങ്ങളില്‍ വാതുവെപ്പ് നിയമവിരുദ്ധമല്ലെന്നും, ഓണ്‍ലൈന്‍ വഴി വാതുവെപ്പ് നടത്തുന്നവര്‍ക്കെതിരെയൊക്കെ ഇത്തരം കേസുകള്‍ ചുമത്തുമോ എന്നും
കോടതി ചോദിച്ചു.

അതേസമയം വാതുവെപ്പ്  കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് ഉള്‍പ്പെടെയുളള മൂന്ന് രാജസ്ഥാന്‍ റോയല്‍സ് കളിക്കാര്‍ക്കെതിരെ ഉടന്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. കളിക്കാര്‍ക്കെതിരെ അന്വേഷണം നടത്തിയ രവിസവാനി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബി.സി.സി.ഐ അച്ചടക്ക സമിതിക്ക് വിട്ടു.

സമിതിയുടെ ശുപാര്‍ശയുടെയും കളിക്കാരുടെ വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ബി.സി.സി.ഐ നടപടി സ്വീകരിക്കുക. എന്നാല്‍ കളിക്കാര്‍ക്ക് ആജീവനാന്ത വിലക്ക് നല്‍കണമെന്നാണ് രവി സവാനി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്.

അതേസമയം, മൂന്ന് തവണ വാതുവെപ്പില്‍ ഉള്‍പ്പെട്ടുവെന്ന് സമ്മതിച്ച രാജസ്ഥാന്‍ ടീം ഉടമ രാജ് കുന്ദ്രയെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബി.സി.സി.ഐ വിലക്കി. വാതുവെപ്പുമായി ബന്ധപ്പെട്ട് വിലക്ക് നേരിടുന്ന രണ്ടാമത്തെ ടീം ഉടമയാണ് കുന്ദ്ര. നേരത്തെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനെയും ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു.