കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു; മാണി അനുസ്മരണ യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് കോടതി
തിരുവനന്തപുരം: മാണി അനുസ്മരണ യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കോടതി. യോഗത്തില്‍ മാണി അനുസ്മരണം മാത്രമേ നടത്താവൂ എന്നും ചെയര്‍മാനടക്കമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്നുമാണ് കോടതിയുടെ നിര്‍ദേശം.
മാണി വിഭാഗക്കാരനായ കേരള കോണ്‍ഗ്രസിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത്. കേരള കോണ്‍ഗ്രസിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയും മാണി അനുകൂലിയുമായ പി.മനോജാണ് കോടതിയെ സമീപിച്ചത്.
പാര്‍ട്ടിയുടെ നിയമാവലി അനുസരിച്ചല്ല നിലവില്‍ ചെയര്‍മാനെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ വെച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കരുതെന്നും ആവശ്യപ്പെട്ടായിരിന്നു ഹരജി.
ഹരജിയിലെ വാദങ്ങള്‍ അംഗീകരിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം, പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ആയിരുന്ന പി.ജെ ജോസഫിനാണ് നിലവില്‍ ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല.
ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാര്‍ പരസ്യമായി രംഗത്ത് വന്നതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരിന്നു.
ഇതിനു പിന്നാലെയാണ് ജോസഫിന്റെ നിലവിലെ ചെയര്‍മാന്‍ സ്ഥാനം വരെ ചോദ്യം ചെയ്ത് ജോസ് കെ മാണി രംഗത്ത് വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന തര്‍ക്കം ഇതോടെ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.