കൊച്ചി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്. കേസില്‍ യു.എ.പി.എ പ്രകാരം പ്രോസിക്യൂഷന് കേന്ദ്രം നല്‍കിയ അനുമതി ചോദ്യം ചെയ്ത് പ്രതികളിലൊരാളായ പി.ജയരാജന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് എടുത്തതിലാണ് കോടതിയുടെ വിമര്‍ശനം.
സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. യു.എ.പി.എ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനില്‍ക്കും. പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്- കോടതി ചോദിച്ചു.
ആദിവാസികളെ പിടിച്ചുകൊണ്ട് വന്ന് യു.എ.പി.എ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്, എന്നാല്‍ ബോംബ് എറിയുന്നവര്‍ സ്വതന്ത്രരായി നടക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ പ്രകാരം പ്രോസിക്യൂഷന് കേന്ദ്രം നല്‍കിയ അനുമതി ചോദ്യം ചെയ്താണ് പ്രതികളായ പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. യു.എ.പി.എ പ്രോസിക്യൂഷനുള്ള അനുമതി അധികാരം കേന്ദ്രം സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് നല്‍കിയതാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷക്കും ഭീഷണിയാവുന്ന നടപടികളൊന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.