കോഴിക്കോട്: ദീര്‍ഘകാലം നീണ്ടുനിന്ന വിചാരണയ്ക്കു ശേഷം ചുംബനസമരവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട ഒമ്പതുപേരെ കോടതി വെറുതെവിട്ടു. 2014-ല്‍ നടന്ന ചുംബനസമരത്തില്‍ പങ്കെടുത്തവരെയും അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയവരെയുമാണു കോടതി നിരപരാധികളെന്നു കണ്ട് ഇന്നു വെറുതെവിട്ടത്.
പൊലീസിനെ ആക്രമിക്കുകയും അതുവഴി അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. 10 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലൊരാള്‍ വിചാരണ നേരിടാത്തതിനാലാണ് ഒമ്പതു പേരെ വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്.
ജോ, സേവ്യര്‍, നിധീഷ്, ജോര്‍ജ് ബ്രൂണോ, പ്രശാന്ത്, ടോണി, ജെയ്‌സണ്‍ സി. കൂപ്പര്‍, നെല്‍സണ്‍ കെ.ജെ, വര്‍ക്കി പാറയ്ക്കല്‍, ജിജോ കുര്യാക്കോസ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ ജോര്‍ജ് ബ്രൂണോ വിചാരണ നേരിടാത്തതിനാല്‍ കേസ് നിലനില്‍ക്കും.
ഇതില്‍ ജോ, സേവ്യര്‍, നിധീഷ് എന്നിവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. ബാക്കിയുള്ളവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കൂടിയ ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയുമായിരുന്നു.
സമരത്തിനിടെ 36 പേരെയാണ് ആകെ കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ നിന്നാണ് 10 പേര്‍ക്കെതിരെ കേസെടുത്തത്. പൊലീസിന്റെ വീഴ്ച മറച്ചുവെയ്ക്കാനായിരുന്നു കേസെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞതായി കുറ്റവിമുക്തനായ ജെയ്‌സണ്‍ സി. കൂപ്പര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
2014 നവംബര്‍ രണ്ടിനായിരുന്നു കൊച്ചി മറൈന്‍ ഡ്രൈവില്‍ കിസ്സ് ഓഫ് ലവിന്റെ നേതൃത്വത്തില്‍ ചുംബനസമരം നടന്നത്. സദാചാര പൊലീസുകാരുടെ പ്രതിഷേധങ്ങള്‍ക്കും കേരളാ പൊലീസിന്റെ ലാത്തിച്ചാര്‍ജിനും ഇടയിലായിരുന്നു ഇത്.
സമരത്തിനെതിരെ അന്ന് യുവമോര്‍ച്ച, ബജ്രംഗ്ദള്‍, എ.ബി.വി.പി, കെ.എസ്.യു, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട്, ശിവസേന തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ബ്രാഹ്മണിക് മൂല്യങ്ങള്‍ക്കെതിരായ ചരിത്രപരമായ സമരമായിരുന്നു അതെന്ന് ജെയ്‌സണ്‍ പറഞ്ഞു. ചുംബനസമരം ഉയര്‍ത്തിയ രാഷ്ട്രീയത്തെ ഇനിയും മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ടെന്നും ഹിന്ദുത്വ ഫാസിസം രാജ്യം ഭരിക്കുമ്പോള്‍ പലതരത്തിലുള്ള പ്രതിരോധങ്ങള്‍ വേണ്ടതുണ്ടെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
അന്ന് ചുംബനസമരത്തിനു മുന്‍കൈയെടുത്ത ആളുകള്‍ക്ക് അതു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അതിനുകാരണം അവരാ രാഷ്ട്രീയം ഉള്‍ക്കൊള്ളാതിരുന്നതിനാലാവാം എന്നും അദ്ദേഹം പറഞ്ഞു.
കിസ്സ് ഓഫ് ലവിനു നേതൃത്വം നല്‍കിയ രാഹുല്‍ പശുപാലന്‍, രശ്മി ആര്‍. നായര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും ജെയ്‌സണ്‍, നെല്‍സണ്‍ എന്നിവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ നിര്‍മല്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
കുറ്റവിമുക്തരായ വിവരം പങ്കുവെച്ച് ജെയ്‌സണ്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂര്‍ണരൂപം:
കേസ് ശിക്ഷിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ കരുതിയെങ്കിലും ഇക്കാലത്തിനിടയ്ക്ക് മാറിവന്ന് ഇന്ന് വിധി പറഞ്ഞ മൂന്നാമത്തെ ജഡ്ജി തമാശ മട്ടില്‍ നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ സമീപനത്തെപ്പറ്റി ഞങ്ങളില്‍ ആശങ്കയുണര്‍ത്തി എന്നത് പറയാതാരിക്കാനാകില്ല.
വാദം കേള്‍ക്കെ സ്വാതന്ത്ര്യ സമരത്തിനു പോയിട്ടല്ലല്ലോ കേസുണ്ടായത് എന്നതായിരുന്നു ജഡ്ജിയുടെ തമാശ. ഒരാണിനെയും പെണ്ണിനെയും ഒരുമിച്ച് പൊതുസ്ഥലത്ത് കണ്ടാല്‍ ലൈംഗികതുടെ കണ്ണിലൂടെയല്ലാതെ നോക്കാന്‍ കഴിയാത്ത സാമൂഹ്യ ബോധം നിലനില്‍ക്കുന്ന ഒരിടത്ത് ഇത്തരം സമരങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ട് എന്ന് നെല്‍സനും എനിക്കും വേണ്ടി ഹാജരായ അഡ്വ തുഷാര്‍ നിര്‍മല്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ വക്കീലേ ഞാനൊരു തമാശ പറഞ്ഞതല്ലേ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് വിധിയിലും ഇത് ലാത്തിച്ചാര്‍ജ്ജിനെ ന്യായീകരിക്കാനും വകുപ്പുതല നടപടി ഒഴിവാക്കാനും പോലീസെടുത്ത കേസാണ് എന്ന് അദ്ദേഹം എഴുതി.
എന്തായാലും ആരെല്ലാം എന്തെല്ലാം സൈദ്ധാന്തിക കസര്‍ത്ത് നടത്തിയാലും തുഷാര്‍ നിര്‍മല്‍ തന്നെ പിന്നീട് എഴുതിയതുപോലെ സദാചാര പൊലിസിങ്ങിനെതിരെ, സവര്‍ണ്ണ ഫാസിസത്തിനെതിരെ, പുരുഷാധിപത്യ മൂല്യങ്ങള്‍ക്കെതിരെ, നമ്മുടെ സവിശേഷ സാമൂഹ്യാവസ്ഥയില്‍ ഇതിന്റെയെല്ലാം ആശയാടിത്തറയായ ബ്രാഹ്മണ്യത്തിനും, മതസങ്കുചിതത്വത്തിനും എതിരായ തുറന്ന വെല്ലുവിളി തന്നെയായിരുന്നു ചുംബന സമരം. ആ ചങ്ങലകളെ പൊട്ടിച്ചെറിയാനുള്ള ബഹുമുഖങ്ങളായ സ്വാതന്ത്ര്യ സമരങ്ങളിലൊന്ന്…