ന്യൂദല്‍ഹി: 2005 ദിപാവലി ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ പൊലീസ് അറസ്റ്റുചെയ്ത രണ്ടു പേരെ ദല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി പത്തു വര്‍ഷത്തിനു ശേഷം വെറുതെ വിട്ടു. പ്രതികള്‍ക്ക് മേല്‍ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന നിരീക്ഷണത്തിലാണ് കോടതി വിധി.
Also read ‘പുലയന്‍’ വിലക്കപ്പെട്ട വാക്കോ? പുലയന് എന്ന് പേരിട്ടതിന് കോളേജ് മാഗസിന് മാനേജ്‌മെന്റിന്റെ വിലക്ക്
2005ല്‍ 67 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പരയില്‍ പ്രതിചേര്‍ക്കപ്പെട്ട മുഹമ്മദ് റഫീക് ഷായെയും മുഹമ്മദ് ഹുസൈന്‍ ഫൈസലിന്റേയും മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നായിരുന്നു കോടതി വിധി. ദല്‍ഹി അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി റീതേഷ് സിങാണ് പ്രതികളുടെ മേല്‍ ചുമത്തിയ കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് കണ്ട് രണ്ടുപേരെയും മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട താരിഖ് അഹമ്മദ് ദാര്‍ എന്ന വ്യക്തിക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നതായും സ്‌ഫോടനത്തിന് സഹായങ്ങള്‍ ചെയ്തതായും കണ്ടെത്തിയെങ്കിലും അദ്ദേഹത്തെയും വെറുതെ വിടുന്നതായ് കോടതി വ്യക്തമാക്കി. പത്ത് വര്‍ഷത്തിലധികം ഇയാള്‍ ജയിലില്‍ കഴിഞ്ഞത് കണക്കിലെടുത്താണ് കോടതിയുടെ നടപടി. താരിഖ് അഹമ്മദിനുമേല്‍ ചുമത്തപ്പെട്ട വകുപ്പുകളുടെ പരമാവധി ശിക്ഷാ കാലാവധി പ്രതി ജയിലില്‍ പൂര്‍ത്തിയാക്കിയെന്ന നിരീക്ഷണത്തിലാണ് ഇത്.
Dont miss തകര്‍ക്കേണ്ടത് കലാലയങ്ങളിലെ എസ്.എഫ്.ഐയുടെ ഇടിമുറികള്‍: എ.ഐ.എസ്.എഫ്
2005 ഒക്ടോബര്‍ 29നായിരുന്നു ദല്‍ഹിയെ നടുക്കിയ സ്‌ഫോടന പരമ്പര നടന്നിരുന്നത്. സരോജിനി നഗര്‍, പഹര്‍ഗഞ്ച്, കല്‍കജിഎന്നിവിടങ്ങളിലായി നടന്ന സ്‌ഫോടനത്തില്‍ 67 പേര്‍ കൊല്ലപ്പെടുകയും 225 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് മൂന്ന് വിത്യസ്ത കേസുകളായിരുന്നു ദല്‍ഹി പൊലീസ് പ്രത്യേക സേന രജിസ്റ്റര്‍ ചെയ്തിരുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീട് കോടതി മൂന്ന് കേസുകളും ഒന്നായി പരിഗണിച്ച് വിചാരണയാരംഭിക്കുകയായിരുന്നു.