| Tuesday, 13th March 2012, 9:58 am

പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ്: പോലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കല മഹോത്സവത്തില്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കേസെടുത്ത് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. കേസ് പിന്‍വലിക്കുന്നതായി പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു. കണ്ടാലറിയാവുന്ന ആയിരം സ്ത്രീകള്‍ക്കെതിരെ കേസെടുത്ത ഫോര്‍ട്ട് പോലീസിന്റെ റിപ്പോര്‍ട്ടാണ് കോടതി അംഗീകരിച്ചത്.

അതേസമയം, കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കിയതായി കാണിച്ച് തമ്പാനൂര്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചില്ല. ആറ്റുകാല്‍ പൊങ്കാല വര്‍ഷങ്ങളായി അനുഷ്ഠിക്കുന്ന മതപരമായ ചടങ്ങാണെന്നും പൊങ്കാലദിവസം അവധി പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ മേലധികാരികളുടെ നിര്‍ദേശമനുസരിച്ച് കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അപേക്ഷയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

തമ്പാനൂര്‍ അരിസ്‌റ്റോ ജംഗ്ഷന്‍ മുതല്‍ ഓവര്‍ബ്രിഡ്ജ്വരെ രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ മാര്‍ഗതടസം സൃഷ്ടിച്ചെന്നാരോപിച്ച് ആയിരം സ്ത്രീകള്‍ക്കെതിരേ തമ്പാനൂര്‍ പോലീസും മണക്കാടുമുതല്‍ പഴവങ്ങാടിവരെ ഗതാഗതം തടസം സൃഷ്ടിച്ചതിന് ഫോര്‍ട്ട് പോലീസുമാണു കേസെടുത്തത്. പൊതുനിരത്തില്‍ യോഗമോ സംഘം ചേരലോ പാടില്ലെന്ന ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പൊങ്കാലയ്ക്ക് ഹൈക്കോടതിവിധി തടസമാവില്ലെന്നും സ്ത്രീകള്‍ക്കു നിയമപരിരക്ഷ ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയ്ക്ക് ഉറപ്പുനല്‍കി ഏഴുദിവസം കഴിഞ്ഞപ്പോഴാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ പോലീസ് നടപടി വിവാദമായതോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷറെ സസ്‌പെന്‍ഡു ചെയ്തും കേസ് റദ്ദാക്കിയും സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോടതി റിപ്പോര്‍ട്ട് അംഗീകരിക്കുന്നത്.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more