ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച സമ്മാനിച്ച പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് പേസ് ഇതിഹാസങ്ങളായ കോര്‍ട്‌ലി ആംബ്രോസും, ആന്‍ഡി റോബോട്‌സും.
ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച വിന്‍ഡീസ് പേസ് ബൗളര്‍മാരുടെ പ്രതാപകാലം അനുസ്മരിപ്പിക്കുന്ന ബൗളിങ്ങായിരുന്നു ബുംറയുടേതെന്ന് മുന്‍ വിന്‍ഡീസ് താരം കൂടിയായ കര്‍ട്ലി ആംബ്രോസ് പറഞ്ഞു.
‘പിച്ചിന്റെ സവിശേഷതകളും ബാറ്റ്‌സ്മാന്റെ രീതിയും മനസ്സിലാക്കി ലെങ്തില്‍ വ്യതിയാനം വരുത്താനുള്ള കഴിവ് അപാരമാണ്. ലോകകപ്പില്‍ അതു നാം കണ്ടതാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉജ്വലമായാണ് അദ്ദേഹം ലെങ്തില്‍ വ്യതിയാനം വരുത്തിയത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അദ്ദേഹമൊരു പേടിസ്വപ്നമാകുന്നത് വെറുതെയല്ല’ -ആംബ്രോസ് പറഞ്ഞു.
ബുംറയുടെ പ്രകടനം കാണുമ്പോള്‍ തനിക്കു കോട്‌നി വാല്‍ഷിനെയാണ് ഓര്‍മ വരുന്നതെന്നും ആംബ്രോസ് കൂട്ടിച്ചേര്‍ത്തു.
താന്‍ കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ പേസ് ബൗളര്‍ എന്നായിരുന്നു ബുംറയെക്കുറിച്ച് മുന്‍ വിന്‍ഡീസ് താരം ആന്‍ഡി റോബര്‍ട്‌സിന്റെ വാക്കുകള്‍
‘ഞാനൊക്കെ കളിച്ചിരുന്ന കാലത്ത് സ്പിന്നായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധം. സ്പിന്‍ വളരെ മികച്ചതാണെങ്കിലും വിദേശത്തു മല്‍സരങ്ങള്‍ ജയിക്കാന്‍ അതു പോരാ. കപില്‍ ദേവ് ഉള്‍പ്പെടെയുള്ള പേസ് ബോളര്‍മാര്‍ ഇന്ത്യയില്‍നിന്നുണ്ടായിട്ടുണ്ട്. എങ്കിലും ബുംറയേപ്പോലൊരു താരം ഇന്ത്യയില്‍ നിന്നുണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല.’
കരിയറിലെ 11ാം ടെസ്റ്റ് കളിച്ച ബുംറ, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇതാദ്യമായി ആദ്യ പത്തിലും ഇടംപിടിച്ചിരുന്നു. 774 പോയിന്റുമായി റാങ്കിങ്ങില്‍ ഏഴാമതാണ് ബുംറ.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍വച്ച് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ ബൗളര്‍ എന്ന റെക്കോഡും ആന്റിഗ്വ ടെസ്റ്റില്‍ ബുംറ സ്വന്തമാക്കി.
വസിം അക്രം, വഖാര്‍ യൂനിസ്, ശുഐബ് അക്തര്‍ തുടങ്ങിയവര്‍ക്കൊന്നും സാധ്യമാകാതെ പോയ നേട്ടമാണിത്. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബുംറ, ഇതുവരെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് മല്‍സരം കളിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ വിന്‍ഡീസ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയ 11 ടെസ്റ്റുകളില്‍നിന്ന് 55 വിക്കറ്റുകളാണ് നേട്ടം. ഇതില്‍ നാല് അഞ്ചു വിക്കറ്റ് നേട്ടങ്ങളും ഉള്‍പ്പെടുന്നു.