അഹമ്മദാബാദ്: ഗുജറാത്തില്‍ ജൈന സന്യാസികളാകാന്‍ 200 കോടി രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്ത് ദമ്പതികള്‍. ഹിമ്മത്നഗറിലെ കെട്ടിട നിര്‍മാണ രംഗത്തെ വ്യവസായികളായ ദമ്പതിമാരാണ് സന്യാസം സ്വീകരിക്കുന്നതിനായി സമ്പത്ത് ദാനം ചെയ്തത്.
ജൈന മത വിശ്വാസികളായ ഭവേഷ് ഭണ്ഡാരിയും അദ്ദേഹത്തിന്റെ പങ്കാളിയുമാണ് തങ്ങളുടെ മുഴുവന്‍ സ്വത്തുക്കളും ദാനം ചെയ്തിരിക്കുന്നത്.
2022ല്‍ ഇവരുടെ 19കാരിയായ മകളും 16കാരനായ മകനും സന്യാസം സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദമ്പതികളും സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചത്.
സന്യാസം സ്വീകരിക്കുന്നതിന് മുന്നോടിയായി ഇവര്‍ നാല് കിലോമീറ്റര്‍ ഘോഷയാത്ര നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ യാത്രയിലാണ് ഇവര്‍ സ്വത്തുക്കള്‍ ദാനം ചെയ്തത്.
രാജകീയമായി വസ്ത്രം ധരിച്ച ഇരുവരും മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണറുകള്‍ ഉള്‍പ്പെടെ എല്ലാം ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്തുക്കള്‍ ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അലങ്കരിച്ച ഒരു വലിയ ട്രക്കിന് മുകളില്‍ നിന്നുകൊണ്ട് ദമ്പതികള്‍ വഴിയോരങ്ങളില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് വസ്ത്രങ്ങള്‍, കറന്‍സി നോട്ടുകള്‍ തുടങ്ങിയവ നല്‍കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
ഏപ്രില്‍ 22ന് ആയിരിക്കും ദമ്പതികള്‍ സന്യാസം സ്വീകരിക്കുക. തുടര്‍ന്ന് തങ്ങളുടെ കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ഇവര്‍ ഇന്ത്യയിലുടനീളം നഗ്‌നപാദനായി നടക്കുകയും ഭിക്ഷയെടുത്ത് ജീവിക്കുകയും ചെയ്യും. വെള്ളവസ്ത്രം, ഭിക്ഷക്കുള്ള പാത്രം, ചൂല്‍ എന്നിവ മാത്രമാണ് ഇരുവരുടെയും പക്കലുണ്ടായിരിക്കുക.
അതേസമയം 2023ല്‍ ഗുജറാത്തില്‍ നിന്നുള്ള വജ്ര വ്യാപാരിയും പങ്കാളിയും സമാനമായ രീതിയില്‍ സന്യാസം സ്വീകരിച്ചിരുന്നു. 2017ല്‍ മധ്യപ്രദേശില്‍ 100 കോടി രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്ത് മറ്റൊരു ദമ്പതികള്‍ സന്യാസ ജീവിതം നയിക്കാന്‍ തീരുമാനിച്ചിരുന്നു.