നാഗോണ്‍: ആസ്സാമില്‍ വീണ്ടും യുവതീയുവാക്കള്‍ക്കു നേരെ സദാചാര പൊലീസിന്റെ അതിക്രമം. നാഗോണ്‍ ജില്ലയിലെ ജുര്‍മുറിലാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് യുവാവിനെയും യുവതിയെയും രാത്രിമുഴുവല്‍ തല്ലിച്ചതച്ചത്. യുവതിയുടെ തല മുണ്ഡനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും രാവിലെ പൊലീസിന് കൈമാറുകയായിരുന്നു. കത്തിയാടോളിയിലെ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
” പുലര്‍ച്ചെയാണ് ചിലരെത്തി പൊലീസില്‍ വിവരമറിയിക്കുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഗ്രാമവാസികള്‍ ഇരുവരെയും കൈമാറുകയായിരുന്നു. സാരമായ പരിക്കേറ്റിരുന്നതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.” എ.എസ്.പി റിപുല്‍ ദാസ് പറയുന്നു.
പ്രാഥമികാന്വേഷണത്തിനു ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അടുത്ത ഗ്രാമത്തിലുള്ള യുവാവ് ജുര്‍മുറിലെ യുവതിയുടെ വീട് രാത്രിയില്‍ സന്ദര്‍ശിച്ചതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. “ഇവര്‍ തമ്മില്‍ “അരുതാത്ത” ബന്ധമുണ്ടെന്നാരോപിച്ച് ഗ്രാമവാസികള്‍ സ്ഥലത്ത് തടിച്ചു കൂടുകയും ഇരുവരെയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.” പൊലീസുദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഗ്രാമവാസികളായ മറ്റു സ്ത്രീകള്‍ ചേര്‍ന്നാണ് യുവതിയുടെ തല മുണ്ഡനം ചെയ്തതെന്നും, വസ്ത്രങ്ങള്‍ വലിച്ചു കീറുകയും രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പൊലീസ് പറയുന്നു.
ഇരുവരുടെയും ബന്ധം ഗ്രാമത്തിലെ നിയമങ്ങള്‍ക്കു ചേര്‍ന്നതല്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
ആസ്സാമില്‍ ഈ മാസം ഉണ്ടായിട്ടുള്ള മൂന്നാമത്തെ സദാചാര അതിക്രമമാണിത്. ജൂണ്‍ 8നാണ് വെള്ളച്ചാട്ടം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന രണ്ടു സുഹൃത്തുക്കളെ ഗ്രാമവാസികള്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവര്‍ എന്നാരോപിച്ചാണ് നീലോല്‍പല്‍ ദാസ്, അഭിജിത് മിശ്ര എന്നീ സുഹൃത്തുക്കളെ അടിച്ചു കൊന്നത്.
Also Read: ഫോര്‍മാലിന്‍ കലര്‍ന്ന 6000 കിലോ ചെമ്മീന്‍ പിടിച്ചെടുത്തു; സംസ്ഥാനത്ത് മത്സ്യം പരിശോധന കര്‍ശനമാക്കി
ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ചതിന് രോങ്ജുലിയില്‍ യുവാവിനെയും യുവതിയെയും ഗ്രാമീണര്‍ ആക്രമിച്ചത് ജൂണ്‍ 18നാണ്.