| Thursday, 26th July 2018, 10:45 am

പ്രകൃതി ചികിത്സകരുടെ ഉപദേശം കേട്ട് പ്രസവം വീട്ടിലാക്കി ; രക്തസ്രാവത്തെ തുടര്‍ന്ന് 28കാരി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വീട്ടില്‍ പ്രസവിക്കുന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകള്‍ കണ്ട് പ്രസവം വീട്ടിലാക്കിയ യുവതി പ്രസവശേഷമുള്ള രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തിരുപ്പൂര്‍ സ്വദേശിയായ കൃതിഗയെന്ന 28കാരിയാണ് മരണപ്പെട്ടത്. ജൂലൈ 22നായിരുന്നു സംഭവം.

പുതുപാളയത്തുള്ള രത്‌നഗിരീശ്വര്‍ നഗറിലെ വീട്ടില്‍ ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം കഴിയുകയായിരുന്നു ഇവര്‍. കൃതിഗ സ്‌കൂള്‍ അധ്യാപികയും ഭര്‍ത്താവ് ഒരു വസ്ത്രനിര്‍മാണ ഏജന്‍സിയില്‍ ജോലി നോക്കുകയുമായിരുന്നു. ഇരുവര്‍ക്കും മൂന്നുവയസുള്ള ഒരു മകളുണ്ട്.

Also Read:ദല്‍ഹിയിലെ വസതിയില്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍; പട്ടിണി മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൃതിഗ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ പ്രസവം വീട്ടിലാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയെ എങ്ങനെ സഹായിക്കാമെന്ന വീഡിയോകള്‍ യൂട്യൂബില്‍ സ്ഥിരമായി കാണുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസവശേഷം പ്ലാസന്റ കൃത്യസമയത്ത് പുറത്തുവന്നില്ല.

“രക്തസ്രാവത്തെ തുടര്‍ന്ന് അവര്‍ മരണപ്പെട്ടു” എന്നാണ് നല്ലൂര്‍ പൊലീസ് ദ ന്യൂസ് മിനിറ്റിനോടു പറഞ്ഞത്. ” രണ്ടുമണിക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയെങ്കിലും മൂന്നരയോടെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.” എന്നും പൊലീസ് പറയുന്നു.

Also Read:എ.കെ ഗോയലിനെ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷനാക്കിയതിനെതിരെ എന്‍.ഡി.എയില്‍ ഭിന്നത; പുറത്താക്കണമെന്ന് ദളിത് എം.പിമാര്‍

പ്രകൃതി ചികിത്സയില്‍ വിശ്വസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളാണ് ദമ്പതികളോട് വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ഹെല്‍ത്ത് ഓഫീസര്‍ കെ. ഭൂപതി പറയുന്നത്. പ്രവീണ്‍, ലാവണ്യ ദമ്പതികളാണ് ഇവരോട് പ്രകൃതി ചികിത്സ തുടരാന്‍ നിര്‍ദേശിച്ചത്. കൃതിഗ ഗര്‍ഭിണിയാണെന്ന കാര്യം ഗ്രാമീണ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. പ്രസവവും ഗര്‍ഭാവസ്ഥയും സുരക്ഷിതമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ എല്ലാ ഗര്‍ഭിണികളും ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കാനും തമിഴ്‌നാട് ആലോചിക്കുന്നുണ്ട്. ഗര്‍ഭിണിയാണെന്നത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

We use cookies to give you the best possible experience. Learn more