| Friday, 15th June 2018, 11:02 am

'ഏതുനിമിഷവും ഞാനും ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കാം' ; കാമുകിക്കൊപ്പം ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: അടുത്ത മണിക്കൂറുകളില്‍ തന്നെ തന്റെ പേരും ദുരഭിമാനക്കൊലയുടെ ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടേക്കാം. പ്രണയിച്ചതിന്റെ പേരില്‍ കോട്ടയത്തു കൊല്ലപ്പെട്ട കെവിന്റെ ഗതിയാകും തനിക്കുമുണ്ടാകുകയെന്ന് പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും വീട്ടുകാരുടെ ഭീഷണി ഭയന്ന് ചെര്‍പ്പുളശ്ശേരിയില്‍ ബന്ധുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിച്ചശേഷമാണ് യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരങ്ങള്‍ ലോകത്തെയറിയിച്ചത്.


ALSO READ: ഭൂമിക്കും വീടിനും വേണ്ടി സമരം ചെയ്തു: അധികൃതര്‍ നടപടിയെടുത്തില്ല; യുവാവ് ആത്മഹത്യ ചെയ്തു


ഇരു മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും ചെര്‍പ്പുളശ്ശേരിയിലെ ബന്ധുവീട്ടിലെത്തിയത്. എന്നാല്‍ യുവാവിന് നേരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിരന്തരം വധഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇവര്‍ ബന്ധുവിന്റെ സഹായത്തോടെ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് നിരന്തര ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് യുവാവ് തന്റെ അവസ്ഥ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

“തൊടുപുഴ സ്വദേശികളായ തങ്ങള്‍ വര്‍ഷങ്ങളോളമായി പ്രണയത്തിലാണ്. എന്നാല്‍ രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഭീഷണി മാത്രമല്ല പെണ്‍കുട്ടിയെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് തങ്ങള്‍ തൊടുപുഴ വിട്ട് ചെര്‍പ്പുളശ്ശേരിയിലേക്ക് വന്നതെന്നും പോസ്റ്റില്‍ പറയുന്നു.


READ MORE: അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍കെട്ടി; ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍


അതേസമയം വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് മരണമൊഴിയായി കാണണമെന്നും യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വധഭീഷണിയെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തൊടുപുഴ സ്റ്റേഷനില്‍ യുവതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നത്.

We use cookies to give you the best possible experience. Learn more