ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിക്കാനായി വിമതര്‍ നടത്തിയ നീക്കത്തെ കുറിച്ച് പ്രതികരിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ.
വളരെ ഗുരുതരാവസ്ഥയില്‍ താന്‍ ആശുപത്രിയില്‍ ജീവനോട് മല്ലിടുമ്പോഴായിരുന്നു വിമതര്‍ മഹാവികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതെന്ന് ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദ്ധവ് പറഞ്ഞു.
‘ഞാന്‍ ആശുപത്രിയില്‍ ഒരുതരത്തിലും അനങ്ങാന്‍ സാധിക്കാതെ കിടന്നപ്പോഴായിരുന്നു അട്ടിമറി നീക്കങ്ങള്‍ നടന്നത്. എനിക്ക് ശരീരം അനക്കാനായില്ലെങ്കിലും ശിവസേനയുടെ താല്‍പര്യങ്ങള്‍ക്കെതിരെയുള്ള വിമതരുടെ നീക്കങ്ങളെല്ലാം വളരെ ത്വരിതഗതിയിലായിരുന്നു’, ഉദ്ധവ് പറഞ്ഞു.
നിലവിലെ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരെയും അഭിമുഖത്തില്‍ ഉദ്ധവ് രൂക്ഷവിമര്‍ശനമാണ്‌നടത്തിയത്. ‘ഞാന്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാലും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ തികച്ചും പൈശാചികമായിരുന്നു. അവരെ വിശ്വസിച്ചതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്’, ഉദ്ധവ് പറഞ്ഞു.
തന്റെ പിതാവിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്നും ഷിന്‍ഡെ വിഭാഗത്തോട് ഉദ്ധവ് ആവശ്യപ്പെട്ടു. അവര്‍ മറ്റുള്ളവരുടെ പിതാക്കന്മാരെ തട്ടിയെടുക്കുകയാണ്. കാരണം അവര്‍ക്ക് മാതൃകയായി ചൂണ്ടിക്കാണിക്കാന്‍ ആരുംതന്നെ ഇല്ല. സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടും നേതാജി സുഭാഷ് ചന്ദ്രബോസിനോടും അവര്‍ ഇതുതന്നെയാണ് ചെയ്തത്, ഉദ്ധവ് പറഞ്ഞു.
പഴുത്ത ഇലകള്‍ മരത്തില്‍ നിന്ന് വീഴേണ്ടതുതന്നെയാണെന്നും എന്നാല്‍ മരത്തില്‍ നിന്ന് കിട്ടേണ്ടതു കിട്ടിയവര്‍ സ്വയം മരത്തില്‍നിന്നു ഒഴിഞ്ഞുപോകുകയായിരുന്നെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. ഒഴിഞ്ഞു പോയവരെല്ലാം പരമാവധി എല്ലാം ലഭിച്ചവരാണെന്നും എന്നാല്‍ ഇപ്പോഴുള്ള സാധാരണ ആളുകളില്‍ നിന്നും അസാധാരണ നേതാക്കളെ ഉണ്ടാക്കുമെന്നും അവരാണ് യഥാര്‍ത്ഥ ശിവസേനയെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
2019 ല്‍ തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ബി.ജെ.പിക്ക് ഒരുപാട് ബഹുമാനം ലഭിക്കുമായിരുന്നു. ഇന്ന് ചെയ്തത് ബി.ജെ.പിക്ക് അന്നേ ചെയ്യാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അവരോട് ഒരു ബഹുമാനമൊക്കെ തോന്നുമായിരുന്നു.
മാത്രമല്ല ഇപ്പോള്‍ ചിലവഴിച്ച നിരവധി കോടികള്‍ അവര്‍ക്ക് ലാഭിക്കുകയും ചെയ്യാമായിരുന്നു, ഉദ്ധവ് പറഞ്ഞു.
മഹാരാഷ്ട്രയെ ദല്‍ഹി പിന്നില്‍നിന്നു കുത്തിയതാണെന്നും അവര്‍ക്കുവേണ്ടി നിലനിന്നവരെ തന്നെ അവര്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘ഹിന്ദുക്കള്‍ക്കിടയിലുള്ള ഏകത്വത്തെ നശിപ്പിക്കാനാണ് ചില ആളുകള്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ശിവസേനയെ നശിപ്പിക്കണം, കാരണം ഹിന്ദുത്വയില്‍ അവര്‍ക്ക് ഒരു പങ്കാളിയെ ആവശ്യമില്ല. എന്നെ ശിവസേനയില്‍നിന്ന് അകറ്റുക എന്നതാണ് അവരുടെ ഉദ്ദേശം.
ശിവസേനയുടേയും കോണ്‍ഗ്രസിന്റേയും എന്‍.സി.പിയുടേയും നേതൃത്വത്തില്‍ വന്ന മഹാവികാസ് അഘാഡി സര്‍ക്കാര്‍ എന്ന പരീക്ഷണം തെറ്റായിരുന്നെങ്കില്‍ ജനങ്ങള്‍ തങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമായിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.
Content Highlight: coup planned when I was in hospital: Uddhav breaks silence after stepping down