കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നടന്ന ഗ്ലാമോര്‍ഗണ്‍ – ഗ്ലോസ്റ്റര്‍ഷെയര്‍ മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചിരുന്നു. അവസാന പന്ത് വരെ ആവേശം അല തല്ലിയ മത്സരത്തില്‍ ഗ്ലാമോര്‍ഗണിന്റെ അവസാന വിക്കറ്റും നേടിയാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മത്സരം സമനിലയിലെത്തിച്ചത്.
സ്‌കോര്‍
ഗ്ലോസ്റ്റര്‍ഷെയര്‍ – 179 & 610/5d
ഗ്ലാമോര്‍ഗണ്‍ – 197 & 592 (T: 593)
എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ഒരു ചരിത്രം നേട്ടം സ്വന്തമാക്കാന്‍ ഗ്ലാമോര്‍ഗണ് സാധിക്കുമായിരുന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡാണ് ഒറ്റ റണ്‍സകലെ ഗ്ലാമോര്‍ഗണ് നഷ്ടമായത്.
1925ല്‍ നടന്ന മിഡില്‍സെക്‌സ് – നോട്ടിങ്ഹംഷെയര്‍ മത്സരത്തിലാണ് നിലവില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ചെയ്‌സിന്റെ റെക്കോഡുള്ളത്. നോട്ടിങ്ഹാംഷെയര്‍ ഉയര്‍ത്തിയ 502 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മിഡില്‍സെക്‌സ് മറികടക്കുകയായിരുന്നു.
സ്‌കോര്‍
നോട്ടിങ്ഹാംഷെയര്‍: 167 & 461/9d
മിഡില്‍സെക്‌സ്: 127 & 502/6 (T: 502)
ഇതിന് പുറമെ ഇംഗ്ലണ്ട് മണ്ണിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചെയ്‌സിന്റെ റെക്കോഡും ടീമിന് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. 1896ല്‍ നടന്ന കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി – മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് യൂണിവേഴ്‌സിറ്റി മാച്ചിലാണ് ഈ റെക്കോഡ് പിറന്നത്.
എം.സി.സി ഉയര്‍ത്തിയ 507 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി കേംബ്രിഡ്ജ് മറികടക്കുകയായിരുന്നു.
സ്‌കോര്‍
മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്: 134 & 483
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി: 111 & 507/7 (T: 507)
ഈ രണ്ട് ടീമുകളേക്കാളും റണ്‍സ് നേടിയെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ ഗ്ലാമോര്‍ഗണ് സാധിക്കാതെ പോയത്.
ഷെല്‍ട്ടണ്‍ഹാം കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗ്ലാമോര്‍ഗണ്‍ നായകന്‍ സാം നോര്‍ത്ത്ഈസ്റ്റ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഗ്ലോസ്റ്റര്‍ഷെയറിന് വിക്കറ്റുകള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടു.
ക്യാപ്റ്റനടക്കം പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ വാലറ്റക്കാരാണ് ഇന്നിങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. പത്താം നമ്പറില്‍ ക്രീസിലെത്തിയ മര്‍ച്ചന്റ് ഡി ലാങ്ങിന്റെയും 11ാം നമ്പറില്‍ കളത്തിലിറങ്ങി ആജീത് ഡെയ്‌ലിന്റെയും പാര്‍ട്ണര്‍ഷിപ്പില്‍ പത്താം വിക്കറ്റില്‍ 75 റണ്‍സ് ടോട്ടലില്‍ പിറവിയെടുത്തു.
മര്‍ച്ചന്റ് 37 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടിയപ്പോള്‍ 45 പന്തില്‍ 32 റണ്‍സാണ് ഡെയ്ല്‍ നേടിയത്. മര്‍ച്ചന്റാണ് ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.
ഒടുവില്‍ 179 റണ്‍സിന് ഗ്ലോസ്റ്റര്‍ഷെയര്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഗ്ലാമോര്‍ഗണിനും മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചില്ല. 197 റണ്‍സാണ് ടീം നേടിയത്. 44 റണ്‍സടിച്ച മേസണ്‍ ക്രെയ്‌നാണ് ടോപ് സ്‌കോറര്‍.
18 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ഗ്ലോസ്റ്റര്‍ഷെയര്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തടിച്ചു. വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രേസിയുടെ ഇരട്ട സെഞ്ച്വറിയുടെയും ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ് മൈല്‍സ് ഹാമണ്ട് എന്നിവരുടെ സെഞ്ച്വറികളുടെയും കരുത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 610 റണ്‍സ് നേടി.
ബാന്‍ക്രോഫ് 266 പന്തില്‍ 184 റണ്‍സും ഹാമണ്ട് 110 പന്തില്‍ 121 റണ്‍സും നേടി. 231 പന്തില്‍ പുറത്താകാതെ 204 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രേസി സ്വന്തമാക്കിയത്. നാല് സിക്‌സറും 20 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഒടുവില്‍ അഞ്ച് വിക്കറ്റിന് 610 എന്ന നിലയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
593 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗ്ലാമോര്‍ഗണും തിരിച്ചടിച്ചു. ക്യാപ്റ്റന്‍ സാം നോര്‍ത്ത്ഈസ്റ്റും മാര്‍നസ് ലബുഷാനും സെഞ്ച്വറി നേടി. നോര്‍ത്ത്ഈസ്റ്റ് 277 പന്തില്‍ 187 റണ്‍സ് നേടിയപ്പോള്‍ 165 പന്തില്‍ 119റണ്‍സാണ് ലബുഷാന്‍ സ്വന്തമാക്കിയത്.
ബില്ലി റൂട്ട്, മേസണ്‍ ക്രെയ്ന്‍, ഡാന്‍ ഡൗത്ത്‌വെയ്റ്റ് എന്നിവരടക്കമുള്ളവരുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഗ്ലാമോര്‍ഗണ്‍ പതിയെ വിജയത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. എന്നാല്‍ മറുവശത്ത് വിക്കറ്റ് വീഴ്ത്തി ഗ്ലോസ്റ്റര്‍ഷെയറും പ്രതീക്ഷ കാത്തു.
അവസാന ദിവസത്തെ അവസാന സെഷനില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ വിജയിക്കാന്‍ ഒരു റണ്‍സായിരുന്നു ഗ്ലാമോര്‍ഗണ് വേണ്ടിയിരുന്നത്. ഒരു വിക്കറ്റും കയ്യിലുണ്ടായിരുന്നു.
എന്നാല്‍ അജീത് ഡെയ്ല്‍ എറിഞ്ഞ പന്തില്‍ ജെയ്മി മക്ലോറി പുറത്തായതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രേസിയാണ് ക്യാച്ച് നേടിയത്.