ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളില്‍ പ്രധാനമന്ത്രി മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജൂണ്‍ 9ന് ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളിലുള്‍പ്പെട്ട കുറ്റവാളികളെ പിടികൂടുന്നതിലുണ്ടായ സര്‍ക്കാരിന്റെ വീഴ്ചയെ കുറിച്ച് എക്‌സിലാണ് അദ്ദേഹം വിശദീകരിച്ചത്.
‘കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ എന്നിവിടങ്ങളില്‍ മൂന്ന് വ്യത്യസ്ത ഭീകരാക്രമണങ്ങള്‍ നടന്നിരുന്നുവെങ്കിലും പ്രധാനമന്ത്രി അപ്പോഴും തെരഞ്ഞെടുപ്പിലെ എന്‍.ഡി.എയുടെ വിജയം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. അദ്ദേഹം ആഘോഷിക്കുകയാണ്.
അഭിനന്ദന സന്ദേശങ്ങളോട് പ്രതികരിക്കുന്ന തിരക്കിലാണ്, ജമ്മു കശ്മീരില്‍ ക്രൂരമായി കൊല്ലപ്പെട്ട തീര്‍ഥാടകരുടെ കുടുംബങ്ങളുടെ നിലവിളി കേള്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
പാകിസ്ഥാന്‍ നേതാക്കളായ നവാസ് ഷെരീഫിന്റെയും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെയും അഭിനന്ദന ട്വീറ്റുകള്‍ക്ക് പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് മോദി. ഇരകള്‍ സഹതാപത്തിന്റെ ഒരു വാക്ക് അര്‍ഹിക്കുന്നില്ലേ? എന്തുകൊണ്ടാണ് അദ്ദേഹം നിശബ്ദത പാലിക്കുന്നത്?,’ രാഹുല്‍ ചോദിക്കുന്നു.
എന്തുകൊണ്ടാണ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ബി.ജെ.പി ഭരണത്തില്‍ പിടികൂടാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും മാധ്യമ, പബ്ലിസിറ്റി വകുപ്പിന്റെ ചുമതലക്കാരനുമായ പവന്‍ ഖേരയും പ്രധാനമന്ത്രി മോദിയുടെ മൗനത്തെ ചോദ്യം ചെയ്തു, പാകിസ്ഥാന്‍ നേതാക്കളോട് പ്രതികരിക്കാന്‍ മോദിക്ക് സമയമുണ്ടെന്നും എന്നാല്‍ ക്രൂരമായ ഭീകരാക്രമണത്തെ അപലപിക്കാന്‍ സമയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരില്‍ സമാധാനവും സാധാരണ നിലയും തിരിച്ചുവരുമെന്ന ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിഞ്ഞു. കശ്മീര്‍ താഴ്വരയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും ബി.ജെ.പി തയ്യാറായില്ല എന്നത് അവരുടെ ‘നയാ കാശ്മീര്‍’ എന്നതിന്റെ തെളിവാണ്. ഖേര പറഞ്ഞു.
ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്കുള്ള തീര്‍ഥാടകരുടെ ബസിനു നേരെയാണ് ജൂണ്‍ ഒമ്പതിന് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
Content Highlight: Country wants answer: Rahul slams PM over J&K attacks