രാജ്യമാണോ മതമാണോ വലുത്: ഹിജാബ് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി
national news
രാജ്യമാണോ മതമാണോ വലുത്: ഹിജാബ് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th February 2022, 6:24 pm

ചെന്നൈ: ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി മദ്രാസ് ഹൈക്കോടതി. ഡ്രസ്‌കോഡിന്റെ പേരില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയരുന്ന വിവാദം ഞെട്ടിപ്പിച്ചെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീര്‍ശ്വര്‍നാഥ് ഭണ്ഡാരി പറഞ്ഞു.

രാജ്യമാണോ മതമാണോ വലുതെന്ന് കോടതി ചോദിച്ചു. ഹിജാബ് വിഷയം ഞെട്ടിക്കുന്നതായിരുന്നു. ചിലര്‍ ഹിജാബിന്റെ പുറകെ പോകുന്നു, മറ്റുചിലര്‍ വേറെ പലകാരണങ്ങളുടേയും പേരില്‍ വിവാദം സൃഷ്ടിക്കുകയാണെന്നും കോടതി പറഞ്ഞു.

ഇത്തരം വിവാദങ്ങള്‍ക്കു പിന്നിലെ താല്‍പര്യങ്ങള്‍ എന്താണെന്ന ചോദ്യമുയരുകയാണ്. ഇന്ത്യ ഒരൊറ്റ രാജ്യമാണ് അതിനെ മതത്തിന്റെയും മറ്റു ചിലതിന്റെയും പേരില്‍ വിഭജിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോടതി ചോദിച്ചു.

ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്നാല്‍ സമകാലിക സംഭവങ്ങള്‍ കാണിക്കുന്നത് രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നുവെന്നാണ്. അതല്ലാതെ മറ്റൊന്നും ഇത്തരം വിവാദങ്ങളില്‍ നിന്നു കണ്ടെത്താനാവുന്നില്ലെന്നും കോടതി പറഞ്ഞു.

വിശ്വാസികള്‍ക്ക് ഡ്രസ് കോഡ് വേണമെന്ന് ആവശ്യപ്പെട്ട് ശ്രീരംഗത്തെ സാമൂഹികപ്രവര്‍ത്തകന്‍ രംഗരാജന്‍ നരസിംഹന്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമുണ്ടായത്.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ആറ് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആരംഭിച്ചത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാണ്ഡ്യ, ശിവമോഗ എന്നിവയുള്‍പ്പെടെ നിരവധി കോളേജുകളില്‍ പ്രതിഷേധമായി മാറി.

ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.

ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.


Content Highlights: Country or religion is big: Madras High Court on hijab issue