ലക്‌നൗ: രാജ്യത്തിന് സംസാരിക്കുന്ന പ്രധാനമന്ത്രിയെ നല്‍കാന്‍ കഴിഞ്ഞെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി. വര്‍ത്തമാനം പറയുന്ന പ്രധാനമന്ത്രിയെയല്ല, പണിയെടുക്കുന്ന പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്ന് മായാവതി പറഞ്ഞു.
സര്‍ക്കാര്‍ മാധ്യമങ്ങളെയും മറ്റു സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി ഏകപക്ഷീയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും അവര്‍ പറഞ്ഞു. “കഴിഞ്ഞദിവസം ഇവിടെയൊരു പ്രസ്താവനയിലൂടെ ബി.ജെ.പി അധ്യക്ഷന്‍ രാജ്യത്തിന് ഞങ്ങള്‍ വലിയൊരു സംഭാവന നല്‍കിയെന്നും ഇപ്പോള്‍ സംസാരിക്കുന്ന പ്രധാനമന്ത്രിയുണ്ടെന്നും പറയുകയുണ്ടായി. പക്ഷേ ഇവിടുത്തെ ജനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളും കരുതുന്നത് രാജ്യത്തിന് അടിയന്തിരമായി പണിയെടുക്കുന്ന പ്രധാനമന്ത്രിയെ വേണമെന്നാണ്.” മായാവതി പറഞ്ഞു.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബി.ജെ.പി അധികാരത്തിലെത്തിയശേഷം രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് ചോദിച്ചിരുന്നു ഇതിനുള്ള മറുപടിയായാണ് അമിത് ഷാ ഞങ്ങള്‍ സംസാരിക്കുന്ന പ്രധാനമന്ത്രിയെ നല്‍കിയിരുന്നു എന്ന് പറഞ്ഞത്.
യു.പിയിലെ ക്രമസമാധാനപാലനം അട്ടിമറിക്കപ്പെട്ടിരിക്കുയാണ്. ജനോപകാരപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യോഗി സര്‍ക്കാര്‍ നടത്തുന്നില്ലെന്നും മായാവതി പറഞ്ഞു.