ബെംഗ്‌ളൂരു: രാജ്യത്തിന് ഒരു പ്രായോഗിക ഭാഷാ നയം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയുമായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിര്‍ദേശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. പിന്നാലെയാണ് പ്രായോഗിക ഭാഷാ നയം വേണമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെടുന്നത്.
സമത്വവും മികവും ലക്ഷ്യമിടുന്നതിന് ഏറ്റവും മികച്ച നിലയില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ തയ്യാറാക്കേണ്ടത് ആവശ്യമാണ്. ഒരുപാട് ഭാഷകളുള്ള ലോകത്തില്‍ മാതൃഭാഷയും മറ്റ് ഭാഷകളും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രായോഗിക ഭാഷ നയം രൂപപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കണം. വെങ്കയ്യാനായിഡു പറഞ്ഞു.
മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം തയ്യാറാക്കിയത്.സ്‌കൂളുകളില്‍ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികള്‍ നേരത്തെ തന്നെ മൂന്നുഭാഷകളില്‍ പ്രാവീണ്യം നേടുന്നത് ഗുണകരമാകുമെന്നുമായിരുന്നു പുതിയ വിദ്യാഭ്യാസ നയത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇത് തമിഴ്‌നാട്ടിലടക്കം ഏറെ വിവാദങ്ങള്‍ക്കിടമുണ്ടാക്കി. തമിഴ്‌നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
തമിഴ്‌നാട്ടുകാര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനുനേരെ കല്ലെറിയുന്നതിനു തുല്യമാണെന്നും സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പിയ്‌ക്കെതിരെ ഡി.എം.കെ പോരിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.