ന്യൂദല്ഹി: വിലക്കയറ്റം മൂലം നട്ടംതിരിയുകയാണ് രാജ്യത്തെ ജനങ്ങള്. ഒന്പത് വര്ഷത്തിനിടെ ഇത് ഏറ്റവും വലിയ വിലക്കയറ്റമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.പച്ചക്കറി, പഴം, പാല്, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് ഈ കുതിപ്പിന് പിന്നില്. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്ഷം ഇതേ കാലയളവില് 10.74 ശതമാനമായിരുന്നെങ്കില് ഇപ്പോള് അത് 15.08 ശതമാനത്തിലെത്തി.
മാര്ച്ചില് 14.55ശതമാനമായിരുന്നു സൂചിക. ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും വിലയിലുണ്ടായ വര്ധനയാണ് ഉയര്ന്ന പണപ്പെരുപ്പ നിരക്കിനു കാരണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസ്താവനയില് പറഞ്ഞു. മിനറല് ഓയില്, ബേസിക് മെറ്റല്, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്, ഭക്ഷ്യേതര വസ്തുക്കള്, രാസവസ്തുക്കള് തുടങ്ങിയവയുടെ വിലയില് വര്ധന ഉണ്ടായിട്ടുണ്ട്. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തില് തുടരുന്നത് തുടര്ച്ചയായ പതിമൂന്നാം മാസമാണ്.
കഴിഞ്ഞ വര്ഷം ഏപ്രില് മുതല് പത്തു ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പ നിരക്ക്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 8.35 ശതമാനമാണ്. പച്ചക്കറികള്, ഗോതമ്പ്, പഴങ്ങള്, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കഴിഞ്ഞ മാസം കുതിച്ചുയര്ന്നിരുന്നു. ഉക്രൈന് റഷ്യ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില് ഗോതമ്പ് വില കുതിച്ചുയര്ന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ കയറ്റുമതി നിരോധനം കൂടി ഏര്പ്പെടുത്തിയതോടെ രാജ്യാന്തര വിപണിയില് ഗോതമ്പിന്റെ വില അഞ്ചു ശതമാനം ഉയര്ന്നു. ആഗോള വിപണിയിലെ വില വര്ധനവ് തന്നെയാണ് ഇന്ത്യന് വിപണിയിലും പ്രതിഫലിക്കുന്നത്.
അതേസമയം പട്ടിണി സൂചികയിലും ഇന്ത്യയുടെ അവസ്ഥ ഗുരുതരമാണ്. ആഗോള പട്ടിണി സൂചികയില് ഇന്ത്യയുടെ റാങ്ക് 2020-ല് 94-ല് നിന്ന് 2021-ല് 101-ാം സ്ഥാനത്തേക്കാണ് താഴ്ന്നത്. പാക്കിസ്ഥാനും ബംഗ്ലാദേശും മെച്ചപ്പെട്ട നിലയിലാണ്. ഇന്റര്നാഷണല് ഫുഡ് പോളിസി റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബല് ഫുഡ് പോളിസി റിപ്പോര്ട്ട് ഇന്ത്യയുടെ ഒരു ഭയാനകമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. 2030 ഓടെ പട്ടിണിയില് നിന്ന് അപകടത്തിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം 73.9 ദശലക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്കുന്നു. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ ഭക്ഷ്യ ഉല്പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും 2030 ഓടെ പട്ടിണി മൂലം അപകടസാധ്യതയുള്ളവരുടെ എണ്ണം 23 ശതമാനം വര്ധിക്കുമെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു.
CONTENT HIGHLIGHTS: Country advances on inflation, hunger onslaught; The biggest inflation in nine years