തെല്‍ അവീവ്: ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യങ്ങള്‍ സ്ഥാനപതികളെ തിരിച്ചുവിളിക്കുന്നത് തുടരുന്നു. ഏറ്റവും ഒടുവില്‍ ആഫ്രിക്കന്‍ രാജ്യമായ ചാദാണ് ഇസ്രഈലിലെ അംബാസഡറെ തിരിച്ചുവിളിച്ചത്.
കഴിഞ്ഞ ദിവസം മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറസും തുര്‍ക്കിയയും തങ്ങളുടെ സ്ഥാനപതിമാരെ പിന്‍വലിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ബൊളീവിയ ഇസ്രഈലുമായി നയതന്ത്ര ബന്ധം പൂര്‍ണമായി വിച്ഛേദിച്ചതിന് പിന്നാലെ ചിലി, കൊളംബിയ എന്നീ രാജ്യങ്ങളും അംബാസഡര്‍മാരെ തിരിച്ചു വിളിച്ചിരുന്നു.
‘ഇതുപോലൊരു ദുരന്തത്തിനു മുന്നില്‍ നില്‍ക്കെ, എണ്ണമറ്റ നിരപരാധികളായ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിനെ അപലപിക്കുന്നു,’ ആഫ്രിക്കന്‍ രാജ്യമായ ചാദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഗസയില്‍ നടത്തിയ ആക്രമണങ്ങളുടെ പേരില്‍ ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന ആദ്യ രാഷ്ട്രമായി ബൊളീവിയ മാറി. ഇസ്രഈലിന്റെ സൈനിക നടപടികളെ നിരാകരിച്ചും അപലപിച്ചും ആണ് തന്റെ രാജ്യം തീരുമാനമെടുത്തതെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫെഡ്രി മമാനി നവംബര്‍ ഒന്നിന് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഗസ മുനമ്പിലെ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ഗുരുതരമായ മാനുഷിക സാഹചര്യം കണക്കിലെടുത്ത് ഇസ്രഈല്‍ റിപ്പബ്ലിക് ഓഫ് ഹോണ്ടുറസ് അംബാസഡര്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിനെ ഉടന്‍തന്നെ ടെഗുസിഗല്‍പയിലേക്ക് വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എന്റിക് റീന ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ഇസ്രഈലിലെ ഞങ്ങളുടെ അംബാസഡറെ കൂടിയാലോചനക്കായി തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതായി കൊളംബിയ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇസ്രഈല്‍ ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്നത് തടഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടെ തുടരാന്‍ കഴിയില്ലെന്ന് കൊളംബിയയുടെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോ കഴിഞ്ഞ ആഴ്ച എക്‌സില്‍ എഴുതിയിരുന്നു.
അറബ് ലോകത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ ഫലസ്തീന്‍ ജനസംഖ്യയുള്ള ചിലി ഇസ്രഈലിന്റെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനത്തില്‍ പ്രതിഷേധിച്ച് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുന്നതായി കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞിരുന്നു.
ഇസ്രഈല്‍ ഗസയിലെ യുദ്ധം അവസാനിപ്പിച്ചാല്‍ മാത്രമേ ജോര്‍ദാന്‍ അംബാസഡര്‍ തെല്‍ അവീവിലേക്ക് മടങ്ങുകയുള്ളൂ എന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാധി കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് മീഡിയയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
‘ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ നിരപരാധികളെ കൊല്ലുന്നതിനെ അപലപിക്കാനും ജോര്‍ദാന്റെ നിലപാട് പ്രകടിപ്പിക്കാനുമാണിത്,’ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
നിലവില്‍ തുര്‍ക്കി, ഹോണ്ടുറസ്, ബൊളീവിയ,ചിലി, കൊളംബിയ, ജോര്‍ദാന്‍, ബഹ്റൈന്‍, ചാദ് എന്നീ രാജ്യങ്ങളാണ് തങ്ങളുടെ അംബാസഡര്‍മാരെ ഇസ്രഈലില്‍ നിന്നും തിരിച്ചുവിളിച്ചത്.
Content Highlight: countries removing their diplomats from Israel