നയ്പിഡോ: മ്യാന്മറിനെതിരെ സംയുക്ത ഉപരോധം ഏര്‍പ്പെടുത്തി രാജ്യങ്ങള്‍. യു.കെ, കാനഡ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് മ്യാന്മറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.
മ്യാന്മറിന്റെ സൈനിക ഉപകരണങ്ങള്‍ക്കും സാമഗ്രികള്‍ക്കുമാണ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. മ്യാന്മറിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതും ഇന്ധനം നല്‍കുന്നതുമായ ആറ് സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഉപരോധം.
ഏഷ്യ സണ്‍ ട്രേഡിങ് കമ്പനി, കിംഗ് റോയല്‍ ടെക്നോളജീസ് കമ്പനി ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളാണ് ഉപരോധം നേരിടുന്നത്.
കാനഡ, ഇ.യു എന്നിവരുമായി ചേര്‍ന്ന് മ്യാന്മറിനുള്ള സൈനിക ഫണ്ടുകള്‍ തങ്ങള്‍ വെട്ടികുറയ്ക്കുകയാണെന്നാണ് യു.കെ അറിയിച്ചത്.
കാതറിന്‍ വെസ്റ്റ്
മ്യാന്മര്‍ സൈന്യത്തിന്റെ നടപടികള്‍ രാജ്യത്തെ സിവിലിയന്മാരെ ബാധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.കെ എഫ്.സി.ഡി.ഒ (വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ്)യിലെ ഇന്തോ-പസഫിക് മന്ത്രി കാതറിന്‍ വെസ്റ്റ് പറഞ്ഞു.
നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള യു.കെയുടെ തീരുമാനം വ്യോമാക്രമണം നടത്താനുള്ള മ്യാന്മര്‍ സൈന്യത്തിന്റെ കഴിവിനെ തടസപ്പെടുത്തുമെന്നും എഫ്.സി.ഡി.ഒ ചൂണ്ടിക്കാട്ടി.
ഉപരോധം സൈന്യത്തിന്മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നും കാതറിന്‍ വെസ്റ്റ് പറഞ്ഞു. പിന്നാലെ രാജ്യത്ത് ജനാധിപത്യപരമായ വ്യവസ്ഥിതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2021 ഫെബ്രുവരി ഒന്നിന് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് മ്യാന്മര്‍ സൈന്യം ഭരണം കൈയാളുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആങ് സാന്‍ സൂചിയെ സൈന്യം വീട്ടുതടങ്കലിലാക്കുകയും പൗരന്മാര്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം 3.4 ദശലക്ഷത്തിലധികം ആളുകള്‍ മ്യാന്മറില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. രാജ്യത്തെ 18 ദശലക്ഷത്തിലധികം ആളുകള്‍ക്ക് മാനുഷിക സഹായം ആവശ്യമായുണ്ട്.
എന്നാല്‍ ഭരണത്തിലിരിക്കുന്ന സൈന്യം പൗരന്മാരെ അടിച്ചമര്‍ത്തുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ഓഗസ്റ്റിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി ആളുകൾ മ്യാന്മറില്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മ്യാന്മറിനെതിരായ രാജ്യങ്ങളുടെ ഉപരോധം.
Content Highlight: Countries impose joint sanctions against Myanmar