| Monday, 1st April 2019, 2:17 pm

50 ശതമാനം വിവിപാറ്റ് എണ്ണുന്നത് എതിര്‍ത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ് മൂലം: പ്രതിപക്ഷം ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവിപാറ്റ് രസീതുകള്‍ സംബന്ധിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ പ്രതിപക്ഷകക്ഷികളോട് സുപ്രീംകോടതി.

21 പ്രതിപക്ഷകക്ഷി നേതാക്കളോടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനുശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതില്‍ എതിര്‍പ്പുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.


എഡിറ്റോറിയയിലെ പപ്പു മോന്‍ പ്രയോഗം ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ പിശക്: തിരുത്തുമെന്ന് പി.എം മനോജ്


50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ വോട്ടെണ്ണല്‍ 6 ദിവസം നീളുമെന്നും ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് എണ്ണുന്ന നിലവിലെ രീതിയാണ് പ്രായോഗികമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്. വിവി പാറ്റ് രസീതുകള്‍ എണ്ണുമ്പോഴും പിഴവുകള്‍ സംഭവിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.

ഓരോ നിയമസഭാ മണ്ഡലത്തിലെയും ഓരോ പോളിങ് ബൂത്തിലെ രസീതുകള്‍ എണ്ണുന്ന നിലവിലെ സമ്പ്രദായം മാറ്റണമെന്നാവശ്യപ്പെടാന്‍ പ്രതിപക്ഷനേതാക്കള്‍ക്കു കഴിയില്ലെന്നും കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷകക്ഷികള്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ച്ച് 29-ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more