ന്യൂദല്‍ഹി: വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ല കളക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെട്ടു എന്ന വെളിപ്പെടുത്തലില്‍ തെളിവുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. ഇന്ന് വൈകീട്ട് 7 മണിക്ക് മുമ്പായി മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. വിശദീകരണം നല്‍കാന്‍ ജയ്‌റാം രമേശ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന്‍ തള്ളി. പിന്നാലെയാണ് അന്ത്യ ശാസനം നല്‍കിയിരിക്കുന്നത്.
വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ചുവെന്നായിരുന്നു ജയ്‌റാം രമേശിന്റെ ആരോപണം. ശനിയാഴ്ചയാണ് ജയറാം രമേശ് അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ചത്. വോട്ടെണ്ണല്‍ അടുക്കുന്ന വേളയില്‍ അമിത് ഷാ കലക്ടര്‍മാരെ വിളിക്കുന്നത് തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്താനാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബി.ജെ.പി നടത്തുന്നത് കൃത്യമായ തെരഞ്ഞെടുപ്പ് ലംഘനമാണെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.
പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജയ്‌റാം രമേശിന് നോട്ടീസ് അയച്ചിരുന്നു. സുതാര്യമായ പ്രക്രിയയെ കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആര്‍ക്കും പറയാന്‍ അധികാരമില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ തെളിവുകള്‍ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് ജയ്‌റാം രമേശ് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. പിന്നാലെ ഇന്ന് 7 മണിക്ക് മുമ്പായി തെളിവുകള്‍ നല്‍കണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തു. ഇന്ന് ഏഴ് മണിക്ക് മുമ്പായി തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം ജൂണ്‍ നാലിന് ബി.ജെ.പിയും മോദിയും പുറത്തു പോകുമെന്നും ഇന്ത്യാ സഖ്യം മികച്ച വിജയം കൈവരിക്കുമെന്നും ജയ്‌റാം രമേശ് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരാരും രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങരുതെന്നും, അവര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
content highlights: counting of votes; Jairam Ramesh given ultimatum to produce evidence on Amit Shah’s contact with collectors