കോഴിക്കോട്: ദി കേരള സ്റ്റോറി സിനിമയിലെ ആരോപണത്തിന് തെളിവ് നല്‍കുന്നവര്‍ക്കായി ജില്ലാ തലത്തില്‍ യൂത്ത് ലീഗ് സ്ഥാപിച്ച കൗണ്ടറുകള്‍ പൂട്ടി. മതം മാറ്റമെന്ന പ്രചരണത്തിന് തെളിവുമായി ഒരൊറ്റയാളും വരാത്തത് കൊണ്ടാണ് കൗണ്ടറുകള്‍ പൂട്ടിയതെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.
കേരളത്തില്‍ നിന്ന് 32,000ലധികം പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിനായി വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തില്‍ തെളിവ് സമര്‍പ്പിക്കുന്നവര്‍ക്കാണ് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നത്.
ഇതിനെ തുടര്‍ന്നായിരുന്നു 14 ജില്ലകളിലും യൂത്ത് ലീഗ് കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നത്. മെയ് നാലാം തിയതിക്കകം സംസ്ഥാനത്തെ യൂത്ത് ലീഗ് കേന്ദ്രങ്ങളില്‍ തെളിവ് സമര്‍പ്പിക്കാനാണ് വെല്ലുവിളിയുണ്ടായിരുന്നത്.
സംഘടന ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോലും ഒരാള്‍ക്കും കഴിഞ്ഞില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
അതേസമയം, 32,000 പെണ്‍കുട്ടികള്‍ മതം മാറി വിദേശത്തേക്ക് പോയി എന്ന കണക്ക്
ചര്‍ച്ചയായതിന് പിന്നാലെ കഴിഞ്ഞ ദിവസം ട്രെയ്‌ലറിനൊപ്പം നല്‍കിയിരിക്കുന്ന യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ അണിയറപ്രവര്‍ത്തകര്‍ തിരുത്തിയിരുന്നു. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസില്‍ ചേര്‍ത്തുവെന്ന വിവരണം തിരുത്തി മൂന്ന് പെണ്‍കുട്ടികള്‍ എന്നാണ് മാറ്റിയത്.
വെള്ളിയാഴ്ചയാണ് കേരള സ്റ്റോറി റിലീസ് ചെയ്യുന്നത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വസ്തുതകളുടെ പിന്‍ബലമില്ലാതെ കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നാണ് സിനിമക്കെതിരെയുള്ള വിമര്‍ശനം.
Content Highlight: counters set up by the Youth League at the district level were locked for those who would give evidence against the allegations in the movie The Kerala Story