മോസ്കോ: അറസ്റ്റ് ചെയ്ത റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. നവാൽനിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങൾ നിയമവിരുദ്ധവും അപകടകരവുമാണെന്ന് പുടിൻ പറഞ്ഞു. നവാൽനിയുടെ അറസ്റ്റിൽ പുടിനുമേൽ അന്താരാഷ്ര തലത്തിൽ സമ്മർദ്ദമേറുന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”നിയമത്തിന്റെ പരിധിക്ക് അകത്ത് നിന്നുകൊണ്ട് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ നിയമത്തിന് അപ്പുറം പോകുന്ന കാര്യങ്ങളൊക്കെ വിനാശകരമാണ് എന്ന് മാത്രമല്ല അത് അപകടകരവുമാണ്,” പുടിൻ പറഞ്ഞു.
”നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ അനേകം തവണ നിയമത്തിന്റെ പരിധി ലംഘിച്ചുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെയും അതിൽ ഭാഗമായവർ മാത്രമായിരുന്നില്ല പരിണിതഫലം അനുഭവിച്ചത്, അതിലൊന്നും ഭാഗമാകാത്തവർ കൂടിയാണ്. സ്വന്തം കാര്യങ്ങൾ നേടാൻ വേണ്ടി ഇത്തരം പ്രവൃത്തികൾ ആരും ചെയ്തുകൂടാ. പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. ഇതുപോലെ അല്ല രാഷ്ട്രീയ കാര്യങ്ങൾ നടക്കുന്നത്, ചുരുങ്ങിയത് ഉത്തരവാദിത്ത രാഷ്ട്രീയമെങ്കിലും ഇത്തരത്തിൽ അല്ല നടക്കുന്നത്,” പുടിൻ പറഞ്ഞു.
അലക്‌സി നവാല്‍നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരങ്ങളെയാണ് റഷ്യന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് നീക്കിയത്. 3000ത്തിലേറെ പേരെ പൊലീസ് അറസ്റ്റു ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവാല്‍നിയെ ജനുവരി 18നാണ് മോസ്‌കോ എയര്‍പോര്‍ട്ടില്‍വെച്ച് അറസ്റ്റ് ചെയ്തത്. വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നവാല്‍നി ജര്‍മ്മനിയില്‍ നിന്നും മോസ്‌കോയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെ നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ സമരങ്ങള്‍ ആരംഭിച്ചിരുന്നു. പുടിന്‍ അധികാരത്തിലുണ്ടായിരുന്ന വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് ശനിയാഴ്ച നടന്നത്. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ മോസ്‌കോയില്‍ മാത്രം 40,000ത്തിലേറെ പേരാണ് പങ്കെടുത്തതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൈബീരിയയില്‍ നിന്നും മോസ്‌കോവിലേക്കുള്ള വിമാനയാത്രക്കിടെയാണ് അലക്‌സി നവാല്‍നിയ്ക്ക് വിഷബാധയേറ്റത്. തുടര്‍ന്ന് ഇദ്ദേഹം ആഴ്ചകളോളം കോമയിലായിരുന്നു.
മോസ്‌കോയിലെത്തിയാല്‍ നവാല്‍നി അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യാപകമായി പ്രതീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. 2014ലെ ഒരു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നവാല്‍നിക്കെതിരെ പരോള്‍ നിബന്ധനകള്‍ ലംഘിച്ചതിന് കേസുണ്ടായിരുന്നു.
ഈ കേസില്‍ കോടതി വിധി വരും വരെ നവാല്‍നിയെ കസ്റ്റഡിയില്‍ വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തനിക്കെതിരെ റഷ്യന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നവാല്‍നി പറയുന്നത്.
അതേസമയം നവാല്‍നിയെ അറസ്റ്റ് ചെയ്ത റഷ്യന്‍ നടപടിക്കെതിരെ ജര്‍മ്മനി ശക്തമായ വിമര്‍ശനം ഉന്നയിച്ചു. പൗരന്മാരുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം റഷ്യയ്ക്കുണ്ടെന്നും ജര്‍മ്മനി അറിയിച്ചു. ജര്‍മ്മനിക്ക് പുറമെ ഇറ്റലി, ഫ്രാന്‍സ്, യു.കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.
അലക്സി നവാല്‍നി റഷ്യന്‍ സര്‍ക്കാരിന്റെയും വ്ളാഡ്മിര്‍ പുടിന്റെയും കടുത്ത വിമര്‍ശകനായിരുന്നു. റഷ്യയുടെ ചോര ഊറ്റികുടിക്കുകയാണ് വ്ളാഡ്മിര്‍ പുടിന്‍ എന്ന് നിരവധി തവണ പൊതുമധ്യത്തില്‍ ആവര്‍ത്തിച്ചയാള്‍ കൂടിയാണ് നവാല്‍നി. പുടിന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന പ്രതിപക്ഷ നേതാവെന്നാണ് അലക്സി നവാല്‍നിയെ വാള്‍സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക