| Thursday, 29th August 2019, 11:54 pm

നോട്ട് നിരോധനത്തിന് ശേഷവും വ്യാജകറന്‍സികള്‍ക്ക് പഞ്ഞമില്ല; പുതിയ 500 രൂപയുടെ 121 % വ്യാജനോട്ടുകള്‍ കണ്ടെത്തിയെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് വ്യാജകറന്‍സി നോട്ടുകള്‍ വര്‍ധിച്ചതായി കണ്ടെത്തല്‍. 5.6 ശതമാനം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും 94.4 ശതമാനം മറ്റ് കേന്ദ്ര ബാങ്കുകളില്‍ നിന്നും കണ്ടെത്തിയതായി റിസര്‍വ് ബാങ്കിന്റെ 2019 ലെ വാര്‍ഷിക റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10, 20, 50 രൂപകളുടെ വ്യാജ നോട്ടുകളില്‍ 20.2 %, 87.2 %, 57.3 % എന്നിങ്ങനെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 100 രൂപയുടെ വ്യാജ നോട്ടുകളില്‍ 7.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വ്യാജ കറന്‍സി വര്‍ധിച്ചതായി കണ്ടെത്തിയത്.

200 രൂപയുടെ നോട്ടുകള്‍ നോട്ട് നിരോധനത്തിന് ശേഷം 2017 ലായിരുന്നു ആദ്യമായി പുറത്തിറങ്ങിയത്. അതില്‍ കഴിഞ്ഞ വര്‍ഷം 79 വ്യാജനോട്ടുകളാണ് കണ്ടെത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് 12,728 ആയി ഉയര്‍ന്നു.

നോട്ട് നിരോധനത്തിന് ശേഷം പുറത്തിറങ്ങിയ പുതിയ 500 രൂപയുടെ 121 % വ്യാജനോട്ടുകളും 2000 രൂപയുടെ 21.9 % വ്യാജ നോട്ടുകളുമാണ് കണ്ടെത്തിയത്.

സെക്യൂരിറ്റി പ്രിന്റിംഗിനായി 2018 ജൂലൈ 1 മുതല്‍ 2019 ജൂണ്‍ 30 വരെ 4811 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 4912 കോടിയായിരുന്നു.

2018-19 കാലയളവില്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും യഥാക്രമം 17%, 6.2% എന്നിങ്ങനെ വര്‍ദ്ധിച്ച് 21.1 ട്രില്യണ്‍, 108,759 ദശലക്ഷവുമായി.

We use cookies to give you the best possible experience. Learn more