| Sunday, 22nd July 2018, 1:37 pm

ബി.ജെ.പി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു; പരാജയഭീതിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതിഫലിക്കുന്നതെന്നും സോണിയാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രിയുടെ ആലങ്കാരിക പ്രസംഗം ഇതിന്റെ പ്രതിഫലനമാണെന്നും തീവ്രനൈരാശ്യത്തിന്റെ ലക്ഷണമാണെന്നുമാണ് സോണിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ പറഞ്ഞത്. പുതിയതായി ചേര്‍ന്ന പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയായിരുന്നു അധ്യക്ഷന്‍.

“ഇന്ത്യയിലെ ദരിദ്രരുടെയും പാവപ്പെട്ടവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ള വിഷാദത്തെയും ഭയത്തെയും കുറിച്ച് സോണിയാ ഗാന്ധി മുന്നറിയിപ്പു നല്‍കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണ്. അതിലുള്ള ഭീതിയും നിരാശയുമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ആലങ്കാരികതയില്‍ പ്രതിഫലിക്കുന്നത്.” കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറയുന്നു.

കോണ്‍ഗ്രസാണ് ഇന്ത്യയുടെ ശബ്ദമെന്നായിരുന്നു യോഗത്തില്‍ രാഹുലിന്റെ പരാമര്‍ശം. “ഇന്ത്യയുടെ ശബ്ദമായി ഉയരേണ്ട കോണ്‍ഗ്രസിന്റെ പങ്കും വര്‍ത്തമാനകാലത്തും ഭാവിയിലും വലിയ ഉത്തരവാദിത്തങ്ങള്‍ കൈകൊള്ളേണ്ടതുണ്ടെന്നതും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. ബി.ജെ.പി സ്ഥാപനങ്ങളെയും ദളിതരെയും ആദിവാസികളെയും പിന്നാക്കക്കാരെയും ന്യൂനപക്ഷത്തെയും ദരിദ്രരെയുമെല്ലാം ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.” സുര്‍ജേവാല പറയുന്നു.


Also Read: ബി.ജെ.പി വിട്ട ചന്ദന്‍മിത്രയും നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂലില്‍ ചേര്‍ന്നു


പുതിയ പ്രവര്‍ത്തക സമിതി പ്രവര്‍ത്തി പരിചയത്തിന്റെയും ഉത്സാഹത്തിന്റെയും സംയുക്തമാണെന്നും കഴിഞ്ഞ കാലങ്ങളെയും സമകാലിക പ്രവര്‍ത്തന മേഖലകളെയും ഭാവിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ അധകൃതര്‍ക്കു വേണ്ടി പോരാടാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായിരിക്കണമെന്നും രാഹുലിന്റെ നിര്‍ദ്ദേശമുണ്ട്. ലോക്‌സഭയില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസ്സാക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടതിനു ദിവസങ്ങള്‍ക്കു ശേഷമാണ് യോഗമെന്നതും യോഗത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

വളര്‍ച്ചയ്ക്കായുള്ള നയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു തീര്‍ത്തും എതിരാണ് പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്ന ആത്മപ്രശംസയുടെ സംസ്‌കാരമെന്ന് യോഗത്തില്‍ സംസാരിക്കവേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more