പൊലീസുകാര്‍ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സിലിംഗ്; എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍
Kerala News
പൊലീസുകാര്‍ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സിലിംഗ്; എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 6:31 pm

തിരുവനന്തപുരം: പൊലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിംഗ് നല്‍കുന്നതിന് എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ മാതൃകയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

1800 ഓളം ആളുകള്‍ തിരുവനന്തപുരത്തുള്ള കേന്ദ്രത്തിന്റെ സേവനം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും വകുപ്പിലെ മറ്റു ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്.

ജോലിയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനാണ് ഹാറ്റ്‌സ് (Help and Assistance To combat Stress in police officers-HATS) എന്ന പദ്ധതി.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്.എ.പി ക്യാമ്പില്‍ ദിവസവും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് കൗണ്‍സിലിംഗം സൗകര്യമുള്ളത്. ഈ സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ആവശ്യപ്രകാരം കൗണ്‍സിലറുടെ സേവനം ലഭ്യമായിരിക്കും.

ജോലിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കൂടാതെ പുകവലി, മദ്യപാനം, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗും ഇവിടെ നടത്തിവരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ സേവനം ലഭ്യമാണ്.

സ്‌ട്രെസ് റിലാക്‌സേഷന്‍ കൗണ്‍സലിംഗ്, പ്രോഗ്രസീവ് മസില്‍ റിലാക്‌സേഷന്‍ തെറാപ്പി, ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റിംഗ്, മെമ്മറി ടെസ്റ്റ്, ഐക്യൂ ടെസ്റ്റ്, മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകള്‍ എന്നിവ ലഭ്യമാക്കുന്നുണ്ട്.

കൗണ്‍സലിംഗ് കഴിഞ്ഞ് പോകുന്നവരെ കൃത്യമായ ഇടവേളകളില്‍ വിളിച്ച് സുഖവിവരം തിരക്കി ആവശ്യമുള്ള കേസുകളില്‍ വീണ്ടും കൗണ്‍സലിംഗ് നടത്താനും സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.