| Tuesday, 29th October 2019, 3:34 pm

കൊച്ചി കോര്‍പ്പറേഷന്‍ ഭരണം പ്രതിസന്ധിയില്‍; മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് കൗണ്‍സിലര്‍മാര്‍; തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിനു പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത്. കോണ്‍ഗ്രസിലെ ജോസ് മേരിയും സ്വതന്ത്ര ഗീതാ പ്രഭാകറുമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ഇന്നു രംഗത്തെത്തിയിരിക്കുന്നത്.

മേയറെ മാറ്റിയാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനു നല്‍കി വരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് ഗീതാ പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ നടക്കുന്ന നീക്കങ്ങള്‍ കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്നും ചില നേതാക്കളുടെ താത്പര്യങ്ങളാണ് ഇപ്പോഴുള്ള ബഹളങ്ങള്‍ക്കു കാരണമെന്നും ഇരുവരും പറഞ്ഞു.

അതിനിടെ മേയറെ മാറ്റണമെന്ന തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണു ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഇക്കാര്യം ഇവര്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിരുന്നു. തുടര്‍ന്ന് മേയറോട് തിരുവനന്തപുരത്തെത്താന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ മേയറെ മാറ്റാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തു ഭൂരിപക്ഷം കുറഞ്ഞതില്‍ മേയറെ മാറ്റില്ലെന്ന് മുല്ലപ്പള്ളി നേരത്തേ വ്യക്തമാക്കിയിരുന്നു.

എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ മേയറെ മാത്രം പഴിചാരി രക്ഷപ്പെടേണ്ടതില്ല എന്നും മേയറെ മാത്രമായി ബലിമൃഗമാക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിജയമായാലും പരാജയമായാലും അത് ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും എല്ലാവര്‍ക്കും ബാധകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊച്ചി മേയറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിയമ്പ് എറിയുന്നവര്‍ക്കു നേരെ തന്നെ അത് പതിക്കുമെന്നതോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more