| Friday, 1st December 2023, 11:11 pm

ഞങ്ങള്‍ ഒറ്റയ്ക്ക് ചെയ്തതല്ല; തൊഴിലാളികളെ രക്ഷിച്ചതിനുള്ള പാരിതോഷികം നിരസിച്ച് റാറ്റ് ഹോള്‍ മൈനേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: സില്‍ക്യാരാ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിച്ചതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ച് റാറ്റ് ഹോള്‍ മൈനേഴ്‌സ്. പണം സമ്പാദിക്കുന്നതിനേക്കാള്‍ തങ്ങളുടെ തൊഴിലിനും മനുഷ്യത്വത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് സംഘത്തിന്റെ തലവന്‍ വക്കീല്‍ ഹസ്സന്‍ പറഞ്ഞു.

‘പണം സമ്പാദിക്കുന്നതിനു പകരം തന്റെ തൊഴിലിനും മനുഷ്യത്വത്തിനും ആണ് മുന്‍തൂക്കം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തകരില്‍ ആര്‍ക്കും ഇത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. വെറുപ്പിന്റെ വിഷം വിതറാതെ നമ്മളെല്ലാവരും ഒരുമിച്ച് ജീവിക്കണം ഇതാണ് എല്ലാവര്‍ക്കും നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശം,’ വക്കീല്‍ ഹസ്സന്‍ പറഞ്ഞു.

നീണ്ട അഴുക്ക് ചാലുകളും ജല പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിലും ചെറിയ തുരങ്കങ്ങള്‍ കുഴിക്കുന്നതിലും ഹസന്റെ ടീമിന് ധാരാളം അനുഭവ സമ്പത്ത് ഉണ്ടായിരുന്നെങ്കിലും സില്‍ക്യാരയിലേത് വെല്ലുവിളിയായിരുന്നു.

‘സില്‍ക്യാരയിലെ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ജോലി സമ്മര്‍ദം നിറഞ്ഞതായിരുന്നെങ്കിലും ദൈവാനുഗ്രഹത്താല്‍ ഓപ്പറേഷന്‍ വിജയിച്ചു,’ ഹസ്സന്‍ പറഞ്ഞു.

‘അവശിഷ്ടങ്ങള്‍ വിജയകരമായി കടന്ന് ഞങ്ങള്‍ തുരങ്കത്തിനുള്ളിലെ തൊഴിലാളികളുടെ അടുത്തെത്തിയപ്പോള്‍ വളരെ കാലം വേര്‍പിരിഞ്ഞ ഒരു കുടുംബത്തിലെ ആളുകളെ പോലെ അവര്‍ ഞങ്ങളെ കെട്ടിപ്പിടിച്ചു,’ റാറ്റ് ഹോള്‍ മൈനേഴ്‌സില്‍ ഒരാളായ നാസര്‍ ഹുസൈന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാരിസ്ഥിതിക നാശവും തൊഴിലാളികളുടെ മരണവും കാരണം 2014ല്‍ കോടതി റാറ്റ് ഹോള്‍ മൈനിങ് നിരോധിച്ചിരുന്നു. കല്‍ക്കരിയുടെ നേര്‍ത്ത പാളികള്‍ വേര്‍തിരിച്ചെടുക്കാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന അപകടകരവും വിവാദപരവുമായ ഒരു രീതിയാണ് റാറ്റ് ഹോള്‍ ഖനനം. എലികള്‍ മണ്ണില്‍ നിര്‍മ്മിക്കുന്ന ദ്വാരങ്ങള്‍ക്ക് സമാനമായ കുഴികളിലൂടെ ഖനികളിലേക്ക് ഇറങ്ങുന്ന രീതിയാണിത്.

ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ 17 ദിവസത്തോളം കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അമേരിക്കന്‍ ഓഗര്‍ മെഷീന്‍ ഉപയോഗിച്ച് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു. പിന്നീട് റാറ്റ് ഹോള്‍ മൈനസ് എത്തിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.

content highlight : Couldn’t have done it alone’: Head of rat-hole miners refuses reward for saving 41 trapped workers

We use cookies to give you the best possible experience. Learn more