|

തിരക്ക് കാരണം ട്രെയിനില്‍ കയറാനായില്ല; തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞ് കുംഭമേള തീര്‍ത്ഥാടകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛത്തര്‍പൂര്‍: തിരക്ക് കാരണം ട്രെയിനില്‍ കയറാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞ് കുംഭമേളക്ക് പോകുന്ന തീര്‍ത്ഥാടകര്‍. മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ രണ്ട് റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രയാഗ്രാജിലേക്ക് പോകുന്ന തീവണ്ടികള്‍ക്ക് നേരെ കല്ലെറിഞ്ഞത്.

എ.സി, റിസര്‍വേഷന്‍ കംബാര്‍ട്‌മെന്റുകളുടെ വാതിലുകളും ജനലുകളും അടഞ്ഞുകിടക്കുന്നതിനാല്‍ തള്ളിക്കറയാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടകര്‍ തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍, ഹര്‍പാല്‍പൂര്‍ റെയില്‍വെസ്റ്റേഷനുകളില്‍ വെച്ചാണ് തീവണ്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. പ്രയാഗ്‌രാജിലേക്കുള്ള പ്രത്യേക ട്രെയിനുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിനായി നടപടികള്‍ സ്വീകരിച്ചുവരുന്നതായി റെയില്‍വെ അധികൃതരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഛത്തര്‍പൂര്‍, ഹര്‍പാല്‍പൂര്‍ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നുണ്ട് രണ്ട് വീഡിയോകളാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്നത്. റെയില്‍വെ സ്റ്റേഷനില്‍ കൂട്ടിയിട്ട കല്ലുകളെടുത്ത് തീവണ്ടിയുടെ എ.സി. കംബാര്‍ട്‌മെന്റിന്റെ വാതില്‍ എറിഞ്ഞുതകര്‍ക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. വലിയ തോതില്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മറ്റൊരു വീഡിയോയില്‍ അടഞ്ഞുകിടക്കുന്ന റിസര്‍വേഷന്‍ കംബാര്‍ട്‌മെന്റിന്റെ വാതിലുകളും ജനലുകളും ബലംപ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കുന്നതും കാണാം.

പ്രയാഗ്‌രാജിലെ കുംഭമേളയില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന് യാത്രക്കാരിലൊരാളായ ആര്‍.കെ. സിങ് പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീര്‍ത്ഥാടകര്‍ ആക്രോശിച്ചതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസ് ഇടപെട്ട് ഒരു കംബാര്‍ട്‌മെന്റിന്റെ വാതില്‍ തുറന്നെങ്കിലും ആര്‍ക്കും കയറാന്‍ സാധിച്ചില്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട് ചെയ്തു.

വീഡിയോകളിലുള്ള രണ്ട് റെയില്‍വെ സ്‌റ്റേഷനുകളിലും പ്രശ്‌നങ്ങള്‍ നടന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും ത്സാന്‍സി റെയില്‍വെ ഡിവിഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ പറഞ്ഞു.

പ്രയാഗ് രാജിലേക്ക് പതിവിലേറെ തീവണ്ടികള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്നും യാത്രക്കാരുടെ സഹകരണം ആവശ്യപ്പെടുന്നതായും ത്സാന്‍സി റെയില്‍വെ ഡിവിഷന്‍ അറിയിച്ചു.

content highlights: Couldn’t board the train due to congestion; Kumbh Mela pilgrims throw stones at the train

Video Stories