| Saturday, 18th February 2023, 11:48 am

അവനെ ടീമിലെത്തിച്ചിട്ട് അടുത്ത റൊണാള്‍ഡോയും, മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാക്കാനാണോ? സൂപ്പര്‍താരം ചെല്‍സിയിലേക്ക് പോകുന്നതില്‍ പ്രതിഷേധിച്ച് ഫുട്‌ബോള്‍ വിദഗ്ധന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറുമായി ചെല്‍സി സൈന്‍ ചെയ്യാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

നിലവില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിനായി ബൂട്ടുകെട്ടുന്ന നെയ്മര്‍ പി.എസ്.ജി വിടാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് താരവുമായി സൈനിങ് നടത്താന്‍ ചെല്‍സി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടെത്തുന്നത്.

ചെല്‍സി മേധാവി ടോഡ് ബോലി പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും നെയ്മറുടെ ട്രാന്‍സ്ഫറിന്റെ കാര്യം സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

അറുപത് മില്യണ്‍ യൂറോയാണ് ചെല്‍സി താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സപോര്‍ട്‌സ് സ്ട്രാറ്റജിസ്റ്റായ കോളിമര്‍. കോട്ട്ഓഫ്‌സൈഡ് എന്ന സ്‌പോര്‍ട്‌സ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഏതെങ്കിലും പ്രീമിയര്‍ ലീഗ് ക്ലബ്ബ് നെയ്മറെ സൈന്‍ ചെയ്യിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ എനിക്കവരോട് പറയാനുള്ള സന്ദേശം അത് ചെയ്യരുതെന്നാണ്. കാരണം ആ ക്ലബ്ബ് അടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡാകാനും നെയ്മര്‍ ക്രിസ്റ്റിയാനോ ആകാനുമുള്ള സാധ്യതയുണ്ട്.

നെയ്മര്‍ അസാധ്യ കളിക്കാരനൊക്കെ തന്നെയാണ് പക്ഷെ ചെല്‍സിയെ പോലെയുള്ള ക്ലബ്ബുകളിലേക്ക് അദ്ദേഹം എത്തുമ്പോള്‍ കാര്യങ്ങളുടെ ഗതി മാറും.

കാരണം, ചെല്‍സി യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അവര്‍ക്കിടയിലേക്ക് നെയ്മറെത്തുമ്പോള്‍ പിന്നീട് കോച്ച് ഗ്രഹാം പോട്ടറിന് മാധ്യമങ്ങളെ അഭിമുഖീകരിക്കാനേ നേരം കാണൂ,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ പി.എസ്.ജിയില്‍ കാര്യങ്ങള്‍ അത്ര ശുഭകാരമായിട്ടല്ല നീങ്ങുന്നത്. ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം മൊണാക്കോയുമായി തോല്‍വി വഴങ്ങിയതിന് പിന്നാലെ പി.എസ്.ജിയുടെ സ്‌പോര്‍ടിങ് ഡയറക്ടര്‍ ലൂയിസ് കാമ്പോസ് നെയ്മറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

മാത്രമല്ല കഴിഞ്ഞ കുറെ നാളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും നെയ്മര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

ഖത്തര്‍ ലോകകപ്പിന് ശേഷം നടന്ന പി.എസ്.ജിയുടെ മത്സരങ്ങളില്‍ നെയ്മര്‍ ഒരു ഗോള്‍ മാത്രമാണ് അക്കൗണ്ടിലാക്കിയത്.

അതുകൊണ്ട് വരാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പി.എസ്.ജി നെയ്മറിന്റെ ഭാവി നിശ്ചയിക്കുകയെന്ന് കാമ്പോസ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ താരം പി.എസ്.ജി വിടുകയാണെങ്കില്‍ ചെല്‍സിയിലേക്ക് ചേക്കേറുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.

ലീഗിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ തോല്‍വി വഴങ്ങിയെങ്കിലും തുടര്‍ മത്സരങ്ങളില്‍ മികച്ച് മുന്നേറാനും മെസി, എംബാപ്പെ കൂട്ടുകെട്ടിനൊപ്പം പി.എസ്.ജിക്കായി ചാമ്പ്യന്‍സ് ലീഗ് പട്ടം നേടാനുമുള്ള ശ്രമത്തിലുമാണ് നെയ്മര്‍.

Content Highlights: Could turn out to be another Cristiano Ronaldo and Man United situation, says Collymore

We use cookies to give you the best possible experience. Learn more