കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ രണ്ട് മുസ്ലിം ലീഗ് എം.എല്‍.എ മാരുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗത്തില്‍ വീഴ്ച നടന്നതായി കണ്ടെത്തല്‍. കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖുമാണ് പ്രാദേശിക വികസന ഫണ്ട് വേണ്ടവിധം ചിലവഴിക്കാതിരുന്നത്.
അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രദേശത്തെ വികസനത്തിന് വേണ്ടി ഒരു പൈസപോലും ചിലവാക്കിയില്ലെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. 75 ലക്ഷം രൂപയായിരുന്നു കാസര്‍ഗോഡ് ജില്ലയ്ക്ക് എം.എല്‍.എ ഫണ്ടായി ലഭിച്ചിരുന്നത്.
നിരവധി പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ ഫണ്ട് ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാകുന്നത്. അതേസമയം ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കപ്പെട്ടിട്ടുണ്ട്.
മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്താല്‍ കാസര്‍ഗോഡ്,മഞ്ചേശ്വരം മണ്ഡലങ്ങള്‍ വികസനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന മണ്ഡലങ്ങളാണ്. എം.എല്‍.എ നിലയില്‍ ഇവര്‍ തങ്ങളുടെ അധികാരം വിനിയോഗിച്ചില്ലെന്നാണ് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നത്.