'കോണ്‍ഗ്രസ് ആണ് ഭരിച്ചിരുന്നതെങ്കില്‍ കല്ലെങ്കിലും എറിയാമായിരുന്നു': ബി.ജെ.പിക്ക് പണികൊടുത്ത് സ്വന്തം എം.പി
national news
'കോണ്‍ഗ്രസ് ആണ് ഭരിച്ചിരുന്നതെങ്കില്‍ കല്ലെങ്കിലും എറിയാമായിരുന്നു': ബി.ജെ.പിക്ക് പണികൊടുത്ത് സ്വന്തം എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 1:19 pm

ന്യൂദല്‍ഹി: കര്‍ണാടകയില്‍ യുവ മോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് യുവമോര്‍ച്ച നേതാവ്. കോണ്‍ഗ്രസ് ആണ് ഈ സമയത്ത് ഭരിച്ചിരുന്നതെങ്കില്‍ മിനിമം കല്ലെങ്കിലും എറിയാമായിരുന്നു എന്ന യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയുടെ പ്രതികരണമാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചയാകുന്നത്.

തേജസ്വി സൂര്യയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് തേജസ്വി സൂര്യയുടെ പരാമര്‍ശം.

ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ചിക്മംഗളൂരു യുവമോര്‍ച്ച പ്രസിഡന്റ് സന്ദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കുകയും ചെയ്തിരുന്നു. ബെംഗളൂരു സൗത്ത് എം.പി കൂടിയാണ് തേജസ്വി സൂര്യ.

സന്ദീപ് കുമാറുമായി സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതിനിടെയാണ് തോജസ്വി സൂര്യയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവരുന്നത്.

അതേസമയം യുവമോര്‍ച്ചനേതാവിന്റെ കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് യുവമോര്‍ച്ചയില്‍ കൂട്ടരാജി തുടരുകയാണ്.

‘താങ്കള്‍ പറയുന്ന കാര്യങ്ങള്‍ എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട്. താങ്കളെക്കാളും പത്തിരട്ടി ദേഷ്യം എന്റെയുള്ളിലുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ഭരണമായിരുന്നെങ്കില്‍ കല്ലെങ്കിലും എറിയാമായിരുന്നു. ഇവിടെ ഭരിക്കുന്നത് നമ്മുടെ സര്‍ക്കാരാണ്.

ഈ പ്രശ്‌നം വഷളാക്കാന്‍ നാം അനുവദിക്കരുത്.

നമ്മുടെ പാര്‍ട്ടിക്കാരനെന്ന നിലയില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചുവേണം നടപടിയെടുക്കാന്‍. പ്രശ്‌നം വഷളാവാതെ എല്ലാം പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങണം,’ എന്നായിരുന്നു തേജസ്വി സൂര്യയുടെ പരാമര്‍ശം.

യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി അംഗം ബെള്ളാരെ നെട്ടാറു സ്വദേശി പ്രവീണ്‍ നെട്ടാരു(26)വാണ് ചൊവ്വാഴ്ച രാത്രിയാണ് വെട്ടേറ്റുമരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത്.

കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് സംഘം എത്തിയതെന്ന് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി ബെല്ലാരെ പൊലീസ് കേരള പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി. ഭരണത്തിലിരിക്കെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ബി.ജെ.പിയെ സംബന്ധിച്ച് പ്രതിസന്ധിയാണ്. പാര്‍ട്ടിപ്രവര്‍ത്തകരുടെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെയും ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് സര്‍ാക്കരിനെതിരെ ഉയരുന്ന പ്രധാന ആരോപണം.

Content Highlight: Could have pelted stone if it was congress ruling the country, yuvamorca leader on karnataka murder