മമതയുടെ മുടിക്ക് പിടിച്ച് വലിച്ചിഴച്ച് പുറത്താക്കാമായിരുന്നുവെന്ന് ബി.ജെ.പി നേതാവ്; പ്രതിഷേധവുമായി തൃണമൂല്‍
Daily News
മമതയുടെ മുടിക്ക് പിടിച്ച് വലിച്ചിഴച്ച് പുറത്താക്കാമായിരുന്നുവെന്ന് ബി.ജെ.പി നേതാവ്; പ്രതിഷേധവുമായി തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th December 2016, 3:33 pm

അധിക്ഷേപവും ഗുണ്ടകളുടെ ഭാഷയും ഉപയോഗിക്കുന്ന ബി.ജെ.പിക്കാരുടെ സംസ്‌കാരമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.


കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ തലമുടിക്ക് പിടിച്ച് വലിച്ചിഴച്ച് പുറത്താക്കാമായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മമതാ ബാനര്‍ജിയെ അധിക്ഷേപിച്ച ബി.ജെ.പി നേതാവിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

നോട്ട് നിരോധനത്തിനെതിരെ മമത ബാനര്‍ജി കടുത്ത നിലപാടെടുക്കുന്നതിനാലാണ് ബി.ജെ.പി അവരെ ഭയക്കുന്നത്. മുഖ്യമന്ത്രിക്കു പലതരത്തിലുള്ള ഭീഷണികള്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അധിക്ഷേപവും ഗുണ്ടകളുടെ ഭാഷയും ഉപയോഗിക്കുന്ന ബി.ജെ.പിക്കാരുടെ സംസ്‌കാരമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

മമതയോട് ഏറ്റുമുട്ടാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. പ്രതിപക്ഷ പ്രതിഷേധം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബി.ജെ.പിക്ക് അറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.


കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധി കാട്ടണമെന്ന ഇടുക്കി മെത്രാന്റെ ലേഖനത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് 


ഡിസംബര്‍ 2ന് ഹൗറയില്‍ നടത്തിയ സമ്മേളനത്തിലായിരുന്നു മമതയെ മുടിക്ക് പിടിച്ച് പുറത്താക്കാന്‍ കഴിയുമായിരുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞത്. നമ്മുടെ മുഖ്യമന്ത്രി ദല്‍ഹിയില്‍ പോയിരിക്കുകയാണ്. അവര്‍ അവിടെ കുറേ ആടുകയും പാടുകയും ചെയ്തു. ഞങ്ങളുടെ പൊലീസാണ് അവിടെയുണ്ടായിരുന്നത്. അവര്‍ക്കു മമതയെ പുറത്താക്കാമായിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും ഞങ്ങള്‍ ചെയ്തില്ലെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം.

നോട്ട് അസാധുവാക്കലിനെതിരെ ദല്‍ഹിയില്‍ മമത പ്രതിഷേധിക്കുന്ന സാഹചര്യത്തിലായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പശ്ചിമ മിഡ്നാപൂരില്‍ യുവജന വിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കുമ്പോഴും ദിലീപ് മമതയ്‌ക്കെതിരെ തുറന്നടിച്ചു.

നോട്ട് പിന്‍വലിക്കലിനുശേഷം മമത ബാനര്‍ജിയുടെ തലയ്ക്കു സ്ഥിരത നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവര്‍ ദല്‍ഹിയിലും പാറ്റ്‌നയിലും ഇടയ്ക്കു പോകുന്നത്. ആയിരക്കണക്കിനു കോടികള്‍ നഷ്ടപ്പെടുന്നതിന്റെ ഭയത്തിലാണവര്‍. സെക്രട്ടേറിയറ്റില്‍തന്നെ തുടരുകയാണ് മമത ചെയ്യുന്നതെന്നും ജനങ്ങള്‍ക്ക് അവരെ അധികാരത്തിലേറ്റിയതിന്റെ തെറ്റ് ഇപ്പോള്‍ മനസിലാകുന്നുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.


എറ്റവും വലിയ അഴിമതിക്കാരാണ് അഴിമതിക്കെതിരെ സംസാരിക്കുന്നത്: മമതാ ബാനര്‍ജി


നേരത്തെ നോട്ടുനിരോധനത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നേരിടാന്‍ സംസ്ഥാനത്തിന് 250 കോടി രൂപ അനുവദിക്കണമെന്ന് ദിലീപ് ഘോഷ് ആവശ്യപ്പെട്ടിരുന്നു. 500 രൂപ നോട്ടുകളായാണ് ഘോഷ് പണം ആവശ്യപ്പെട്ടത്.

നോട്ടുനിരോധനത്തില്‍ ബംഗാളില്‍ മമതാ ബാനര്‍ജി ബി.ജെ.പിക്കെതിരെ ജനങ്ങളെ തിരിച്ചു വിടുകയാണെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു. മമതയെ പ്രതിരോധിക്കാന്‍ പണം ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് ഘോഷ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കത്തെഴുതിയിരുന്നു.