കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വടകരയില്‍ നിന്നും മത്സരിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് സി.പി.ഐ.എം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് മൊഴി. അറസ്റ്റിലായ മൂന്ന് സി.പി.ഐ. എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയും തലശ്ശേരി കോടതി തള്ളി. ജിതേഷ്, മിഥുന്‍ ബ്രിട്ടോ എന്നീ മൂന്ന് പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
അറസ്റ്റിലായവരുടെ മൊഴി ആക്രമത്തിന് പിന്നിലെ ഗൂഢാലോചനയിലേക്കാണ് വഴിവെക്കുന്നത്. സി.പി.ഐ.എം തലശ്ശേരി ഏരിയാകമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി രാജേഷുമായും സന്തോഷിന് അടുത്ത ബന്ധമുണ്ട്. സന്തോഷ് രാജേഷിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ നസീറിന്റെ മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ രഹസ്യമൊഴിയെടുക്കുന്നതിനായി തീരുമാനമെടുത്തിരുന്നു.ഇതിനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
നേരത്തെ മൂന്ന് തവണ നസീറിന്റെ മൊഴി എടുത്തിരുന്നു.എ.എന്‍ ഷംസീറിനെതിരെ നല്‍കിയ മൊഴി രണ്ടു തവണ പോലീസ് രേഖപ്പെടുത്തിയില്ല എന്നു നസീര്‍ നേരത്തെ ആരോപിച്ചിരുന്നു.തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും നസീര്‍ ആരോപിച്ചു.
മെയ് 18നാണ് സി.ഒ.ടി നസീറിനെതിരെ വധശ്രമമുണ്ടായത്. ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.